കോഴിക്കോട്: ചാലപ്പുറം ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന 2500 ല്‍ അധികം വിദ്യാർഥികൾ ദിവസേന നടന്ന് പോകുന്ന വഴിയാണിത്. കഴിഞ്ഞദിവസം ഈ വഴി സ്കൂട്ടറിൽ യാത്ര ചെയ്ത സമീപവാസിക്ക് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. ഓവുചാലിന് വീതി കുറവായതിനാൽ മഴക്കാലത്ത് മലിനജലം റോഡിലേക്ക് ഒഴുകി വരും. താഴ്ന്ന പ്രദേശമായതിനാൽ മാലിന ജലം ഒഴുകി പോകാതെ കെട്ടിക്കിടക്കുകയും ചെയ്യും. ഇതിലൂടെയാണ് വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്ര.
ഒരു വർഷം മുമ്പാണ് ഇവിടെ അമൃത് പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചത്. പൈപ്പ് ഇട്ടശേഷം കരാറുകാർ റോഡ് മണ്ണിട്ടുനികത്തിയെങ്കിലും കനത്ത മഴയിൽ പലയിടത്തും മണ്ണ് ഒലിച്ചുപോയി വലിയ കുഴികൾ രൂപപ്പെട്ടു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഒരു ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നന്നാക്കുന്നതോടൊപ്പം ഓവുചാലിന്‍റെ വീതിയും കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.