കോഴിക്കോട്: തുടി കൊട്ടി, കുറുങ്കുഴല്‍ മീട്ടി, താളം ചവിട്ടി ആഘോഷം. അറുതിയില്ലാതെ അന്നം ലഭിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങില്‍ ഗോത്ര ജനവിഭാഗത്തിന്‍റെ തനതു കലാപ്രകടനത്തിനും സന്തോഷം പങ്കുവെയ്ക്കലിനുമാണ് കോഴിക്കോട് ജില്ലിയിലെ കോടഞ്ചേരി സാക്ഷ്യം വഹിച്ചത്.
ഭാസുര ഗോത്രവർഗ വനിത ഭക്ഷ്യ ഭദ്രത പദ്ധതി
ഗോത്രവർഗ മേഖലയിലെ സ്ത്രീകള്‍ക്ക് ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ഭാസുര ഗോത്രവർഗ വനിത ഭക്ഷ്യ ഭദ്രത പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങാണ് പരമ്പരാഗത ഗോത്ര കലാപ്രകടനത്തിന് കൂടി വേദിയായത്. പോഷകാഹാരം ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഗോത്ര വിഭാഗത്തിലെ സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മറികടക്കാന്‍, 2013 ലാണ് ദേശീയ ഭക്ഷ്യ ഭദ്രത നിയമം രൂപംകൊണ്ടത്.
ഇതിന്‍റെ ഭാഗമായി, കൃത്യമായ അളവിലും ഗുണമേന്മയിലും ഭക്ഷണം ലഭിക്കുന്നത് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭക്ഷ്യ കമ്മിഷൻ ആരംഭിച്ചതാണ് ഭാസുര പദ്ധതി.
'സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണമായും ഗോത്രവിഭാഗത്തിന് ലഭിക്കുന്നില്ല'
കോടഞ്ചേരിയിലെ വട്ടച്ചിറ സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങില്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ കെ.വി മോഹൻ കുമാർ കോഴിക്കോട് ജില്ലാതല പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ഗോത്രവർഗ വിഭാഗത്തിന് വേണ്ടി ആസൂത്രണം ചെയ്‌തിട്ടുണ്ട്. എന്നാല്‍, അതൊന്നും പൂർണമായി അവർക്കു ലഭ്യമാവുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ഭാസുര എന്ന പേരില്‍ പദ്ധതിയ്‌ക്ക് രൂപം നൽകിയതെന്ന് കെ.വി മോഹൻ കുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഉദ്‌ഘാടകന്‍ കെ.വി മോഹൻ കുമാറിനെ വേദിയിലേക്ക് സ്വീകരിച്ചതും പരമ്പാരഗത കലാപ്രകടനത്തോടെയായിരുന്നു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വക്കേറ്റ് പി. വസന്തം അധ്യക്ഷത വഹിച്ചു. കമ്മിഷൻ അംഗങ്ങളായ വി. രമേശൻ, എം. വിജയലക്ഷ്‌മി എന്നിവര്‍ ചടങ്ങില്‍ നടന്ന ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.
ASLO READ: മൂന്ന് വര്‍ഷത്തിനുള്ളില്‍ കുടിവെള്ള കണക്ഷന്‍ മൂന്നിരട്ടിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍