കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്‌തതിൽ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തി. നടപടി പിന്‍വലിക്കുന്നതുവരെ ഒ.പി ബഹിഷ്‌കരണം തുടരും.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പ്രതി അപകടത്തില്‍ മരിച്ച സംഭവത്തിലാണ് സൂപ്രണ്ട് ഡോക്‌ടര്‍ കെ.സി രമേശനെ സസ്പെന്‍ഡ് ചെയ്‌തത്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച മുതല്‍ ഡോക്‌ടര്‍മാര്‍ പ്രതിഷേധത്തിലാണ്. തിങ്കളാഴ്‌ച ജില്ലയിലെ എല്ലാ ആശുപത്രിയിലെയും ഡോക്‌ടർമാർ ഒ.പി ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളും ഒഴികെയുള്ള സേവനങ്ങളിൽ നിന്നാണ് ഡോക്‌ടർമാർ വിട്ടു നിൽക്കുക.
'സൂപ്രണ്ടിനെ ബലിയാടാക്കി' : നടപടി പിന്‍വലിക്കുന്നത് വൈകിയാല്‍ സംസ്ഥാന തലത്തില്‍ സമരം വ്യാപിപ്പിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സുരക്ഷാവീഴ്‌ച സംഭവിച്ചെന്ന ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ കണ്ടത്തലിനെ തുടർന്നാണ് സൂപ്രണ്ട് കെ.സി രമേശനെ സസ്പെന്‍ഡ് ചെയ്‌തത്. റിമാൻഡ് പ്രതികളായ അന്തേവാസികളുടെ സുരക്ഷ, പൊലീസിന്‍റെ ഉത്തരവാദിത്വമെന്നാണ് കെ.ജി.എം.ഒ.എയുടെ നിലപാട്.
സംഭവത്തില്‍ സൂപ്രണ്ടിനെ ബലിയാടാക്കിയെന്നാണ് ആശുപത്രി ജീവനക്കാരുടെ ഉൾപ്പെടെ ആരോപണം. ഡോക്‌ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം താളംതെറ്റിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.