കോഴിക്കോട്: 11 വര്‍ഷങ്ങൾ, 25 ഇന്ത്യന്‍ സംസ്ഥാനങ്ങൾ, മൂന്ന് രാജ്യങ്ങൾ...എറണാകുളം വാരപ്പുഴ സ്വദേശി ഡിപിന് യാത്രകൾ എന്നും ലഹരിയായിരുന്നു. അതുകൊണ്ടാണ് യാത്രക്കിടെ പകര്‍ത്തിയ വ്യത്യസ്‌തങ്ങളായ കാഴ്‌ചകൾ കോര്‍ത്തിണക്കിയ തന്‍റെ ഫോട്ടോ പ്രദര്‍ശനത്തിന് 'ലഹരി'യെന്ന് തന്നെ പേരിടാന്‍ ഡിപിന്‍ തീരുമാനിച്ചത്.
ഒരു യാത്രികന് എങ്ങനെ നല്ലൊരു ഫോട്ടോഗ്രാഫർ ആകാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലൊരുക്കിയ 'ലഹരി' ഫോട്ടോ പ്രദര്‍ശനം. 11 വർഷം കൊണ്ട് ഡിപിന്‍ സഞ്ചരിച്ച 25 സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാൾ, ബർമ ,ഭൂട്ടാൻ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും പകര്‍ത്തിയ വേറിട്ട കാഴ്‌ചകളാണ് ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
യാത്ര തുടങ്ങിയ കാലത്ത് ക്യാമറ കൂടെ ഇല്ലായിരുന്നു. കണ്ട കാഴ്‌ചകൾ യാത്രാവിവരണങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു താൽപര്യം. യാത്രാവിവരണങ്ങൾ വായിച്ച വായനക്കാരുടെ നിര്‍ദേശമായിരുന്നു ഫോട്ടോകൾ കൂടി ഉൾപ്പെടുത്തണമെന്നത്. പ്രകൃതിയെ ക്യാമറയിൽ പകർത്താനാണ് കൂടുതലിഷ്‌ടം. പ്രയാഗിൽ നടന്ന കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയതാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതെന്നും ഡിപിൻ പറഞ്ഞു. ആരും കൊതിക്കുന്ന 25 ചിത്രങ്ങളാണ് 'ലഹരി'യില്‍ ഇടംപിടിക്കുന്നു. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഡിപിൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫോട്ടോ ജേർണലിസം കോഴ്‌സ് ഒന്നാം റാങ്കോടെയാണ് പാസായത്. പ്രദർശനം മൂന്നിന് സമാപിക്കും.