കോഴിക്കോട് : രാഷ്ട്രീയത്തിൽ കെ.വി തോമസ് എന്ന പേര് കേട്ടാൽ കുമ്പളങ്ങിക്കാരനായ തോമസ് മാഷെയാണ് ഓർമ വരിക. എന്നാൽ, അതേ പേരായിപ്പോയതിൻ്റെ പേരിൽ പൊല്ലാപ്പിലായ ഒരു മാഷുണ്ട് കോഴിക്കോട്ട്. ചങ്ങനാശേരി എസ്.ബി കോളജ് മുതൽ മലബാർ ക്രിസ്ത്യൻ കോളജില്‍ വരെ മലയാളം പ്രൊഫസറായിരുന്ന ഈ കെ.വി തോമസിന് സാക്ഷാൽ കെ.വി തോമസിൻ്റെ പേരിൽ 'പണി' വരാൻ തുടങ്ങിയിട്ട് വർഷം കുറേയായി.
'പണി'യായി പ്രശംസയും : കുമ്പളങ്ങി കഥകളിലൂടെയും പേരെടുത്ത തോമസ് മാഷിനെ പ്രകീർത്തിക്കാൻ, കിട്ടുന്ന അവസരങ്ങളൊക്കെ പലരും ഉപയോഗപ്പെടുത്താറുണ്ട്. അതിൻ്റെ ഗുണഫലമൊക്കെ ഫ്രീയായിട്ട് കോഴിക്കോട്ടെ തോമസ് മാഷിനും ലഭിച്ചിട്ടുണ്ട്. ചില പരിപാടികൾക്കൊക്കെ പോകുമ്പോൾ സ്വാഗത പ്രാസംഗികർ പുകഴ്‌ത്തുന്നത് കുമ്പളങ്ങി കഥകളുടെ പേരിലായിരുന്നു. എഴുത്തുകാർ ആയത് കൊണ്ടുതന്നെ രണ്ട് കെ.വി തോമസുമാര്‍ക്കും തമ്മിലറിയാം, മാത്രമല്ല കോഴിക്കോട്ടെ മാഷിൻ്റെ ഒരു പുസ്‌തകം എം.പി ആയിരിക്കുമ്പോൾ കെ.വി തോമസ് പ്രകാശനം ചെയ്‌തിട്ടുണ്ട്.
ഒപ്പം ഒരവാർഡും ഈ മാഷ് ഏറ്റുവാങ്ങിയിട്ടുണ്ട്. പേരിൻ്റെ പേരിൽ അത് ഒരു തമാശയുള്ള ബുദ്ധിമുട്ടായത് ഓസ്ട്രേലിയയിൽ പോയപ്പോഴാണ്. മെൽബണിൽ നടന്ന യോഗം പുരോഗമിക്കവെ സദസിലിരുന്ന പലരും മാഷെ നോക്കി കുശുകുശുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആകെ ഒരസ്വസ്ഥത. പരിപാടി കഴിഞ്ഞപ്പോഴാണ് കാര്യം മനസിലായത്. എന്തിനാണ് കാശുമുടക്കി ഈ കോൺഗ്രസുകാരനെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത് എന്നായിരുന്നത്രേ പലരും അമർഷത്തോടെ ചോദിച്ചത്.
രാഷ്‌ട്രീയ നിര്‍ദേശം തേടാനും വിളി : ഇടതുപക്ഷ സംഘടനകൾ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. കോഴിക്കോട്ടെ ഒരു കോൺഗ്രസ് നേതാവിനും പറ്റി ഒരബദ്ധം. അത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വീണ്ടും തോറ്റതിന് പിന്നാലെയായിരുന്നു. പാർട്ടി വിടുന്നതിനെപ്പറ്റി ആലോചിക്കാൻ വിളി വന്നത് ഇങ്ങോട്ടായിരുന്നു. ഒടുവിൽ നേരിൽ കാണാൻ ട്രെയിൻ കയറുന്നു എന്ന് പറഞ്ഞപ്പോയാണ് സംഗതി പിടികിട്ടിയത്. കഠിനമായ വാക്കുകളും തെറിയും കേൾക്കേണ്ടി വന്നത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ്.
എൽ.ഡി.എഫ് കൺവെൻഷനിൽ കെ.വി തോമസ് പങ്കെടുത്തതോടെ അത് അതികഠിനമായി. ഒടുവിൽ രക്ഷയില്ലാത്തെ കോഴിക്കോട്ടെ മാഷ് ഫേസ്‌ബുക്കിൽ പോസ്റ്റിടാൻ നിർബന്ധിതനായി. നിങ്ങൾ ഉദ്ദേശിക്കുന്ന കെ.വി തോമസ് താനല്ലെന്ന്. രാഷ്ട്രീയക്കാരനായ കെ.വി തോമസിൻ്റെ ഇപ്പോഴത്തെ നിലപാടിനോട് യാതൊരുവിധ യോജിപ്പുമില്ലെന്നാണ് ഈ മാഷിൻ്റെ അഭിപ്രായം. എന്നാൽ ഭരിച്ചിരുന്നപ്പോൾ ആ വകുപ്പുകളെല്ലാം നല്ല രീതിയിൽ കൊണ്ടുപോയിട്ടുണ്ടെന്നും സമയനിഷ്‌ഠയുള്ള വ്യക്തി കൂടിയാണ് അദ്ദേഹമെന്നും ഇദ്ദേഹത്തിന് അഭിപ്രായമുണ്ട്.
ഇത് 'ഡോക്‌ടര്‍ കെ.വി തോമസ്' : കെ.വി തോമസ് കോൺഗ്രസിൽ ഇല്ലാത്തതുകൊണ്ടും ഇടതുപക്ഷത്ത് എത്തിയാലും ഇരുവിഭാഗത്തിനും നഷ്‌ടമോ ലാഭമോ ഉണ്ടാകില്ല എന്നാണ് അപരനാമക്കാരൻ്റെ അഭിപ്രായം. തെരഞ്ഞെടുപ്പ് കാലമായാൽ ഇത്തരം നീക്കങ്ങൾക്കൊക്കെ വലിയ പ്രചാരം ലഭിക്കും. അതുകഴിഞ്ഞാൽ എവിടെങ്കിലും കൊണ്ടുപോയി തള്ളുമെന്നും കോഴിക്കോട്ടെ തോമസ് മാഷ് പറയുന്നു. കോട്ടയം പാമ്പാടി കരോട്ട് വർഗീസിൻ്റെ മകനായ കെ.വി തോമസ് അരനൂറ്റാണ്ട് മുന്‍പ് കണ്ണൂരിലേക്ക് കുടിയേറിതാണ്.
മുപ്പത് വർഷത്തിലേറെയായി കോഴിക്കോട് എരഞ്ഞിപ്പാലത്താണ് താമസം. ചെങ്ങന്നൂർ എസ്.ബി കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, മലബാർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി. മലയാളം തലവനായി വിരമിച്ചു. മലയാളത്തിൽ പി.എച്ച്.ഡി കിട്ടിയതോടെ പ്രൊഫസർ കെ.വി തോമസ്, ഡോക്‌ടര്‍ കെ.വി തോമസായി.
മികച്ച കോളജ് അധ്യാപകനുള്ള എം.എം ഗനി അവാർഡ് കരസ്ഥമാക്കിയ തോമസ് മാഷ് നിരവധി പുസ്‌തകങ്ങളുടെയും രചയിതാവാണ്. ഭാര്യ മേരി റിട്ടയേർഡ് അധ്യാപികയാണ്. മക്കളായ സീതയും കവിതയും കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.
ഡോ. കെ.വി തോമസിന്‍റെ ഫേസ്‌ബുക്ക് ബുക്ക് പോസ്റ്റ് : ഇതിപ്പോൾ പലവട്ടമായി. ആളുകൾ ഫോണിലൂടെ എന്നെ ചീത്തവിളിക്കുന്നു. വളരെ ഭവ്യതയോടെയാണ് മിക്കപ്പോഴും സംഭാഷണം ആരംഭിക്കുന്നത്. മെല്ലെ ടോൺ മാറുന്നു. "സാർ ഇത്ര നാളും കോൺഗ്രസിൽ നിന്നും നേടാനുള്ളതൊക്കെ നേടിയിട്ട് ഇപ്പോൾ ഈ കാണിക്കുന്നത് ശരിയാണോ", എന്നതാണ് ഏറ്റവും സൗമ്യമായ ചോദ്യങ്ങളിലൊന്ന്. എന്നാൽ, ചിലരുടെ സംഭാഷണം വളരെ 'ഉയർന്ന നിലവാര'ത്തിലുള്ളതാകയാൽ ഇവിടെ ഉദ്ധാരണയോഗ്യമല്ല.
എന്‍റെ ഈ ഗതികേട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാൽ നൂറ്റാണ്ടുമുന്‍പ് എറണാകുളത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് സംഘടിപ്പിച്ച ഒരു മലയാള സമ്മേളനം കഴിഞ്ഞിറങ്ങിയ എനിക്ക് നൽകാൻ നിവേദനവുമായി ചിലർ കാത്തുനിന്നതോർക്കുന്നു. സ്ഥലം എറണാകുളമായതുകൊണ്ട് അങ്ങനെ സംഭവിക്കാം എന്ന് സമാധാനിക്കാം. ഈ പൊല്ലാപ്പ് ഒഴിവാക്കാനാണ് ഞാൻ പേരിനൊപ്പം എപ്പോഴും ഡോ. എന്ന പൂർവസർഗം നിർബന്ധമായും ചേർക്കുന്നത്.
പക്ഷേ, അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല. 2018 ൽ ഞാനും കാരശ്ശേരി മാഷും ചില മലയാളി സംഘടനകളുടെ ക്ഷണപ്രകാരം ഓസ്ട്രേലിയയിൽ ഒരു മാസം നീണ്ട പര്യടനം നടത്തി. ആദ്യത്തെ യോഗം മെൽബണിലായിരുന്നു. യോഗം പുരോഗമിക്കവേ സദസിലിരുന്ന പലരും എന്നെ നോക്കി കുശുകുശുക്കുന്നത് പ്രസംഗ വേദിയിലിരുന്ന എനിക്ക് കാണാമായിരുന്നു. ആകെ ഒരസ്വസ്ഥത. എനിക്കൊന്നും മനസിലായില്ല. പരിപാടി കഴിഞ്ഞപ്പോൾ സംഘാടകർ ആ സങ്കടകരമായ കാര്യം പറഞ്ഞു. "എന്തിനാണ് കാശുമുടക്കി ഈ കോൺഗ്രസുകാരനെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത് ?" എന്നായിരുന്നത്രേ പലരും അമർഷത്തോടെ ചോദിച്ചത്.
ഇടതുപക്ഷ സംഘടനകൾ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. "നിങ്ങൾക്കാളു തെറ്റി " എന്ന് പ്രതിഷേധക്കാരെ ധരിപ്പിക്കാൻ സംഘാടകർ ഒട്ടൊന്നുമല്ല പാടുപെട്ടത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോഴിക്കോട്ടെ ഒരു കോൺഗ്രസ് നേതാവ് എന്നെ വിളിച്ചു. അദ്ദേഹം എന്‍റെ ചിരപുരാതന സുഹൃത്താണ്. അദ്ദേഹത്തിന്‍റെ നമ്പർ എന്‍റെ ഫോണിൽ തെളിഞ്ഞപ്പോൾ ഞാൻ പേരെടുത്തു പറഞ്ഞുകൊണ്ട് വിശേഷങ്ങൾ ആരാഞ്ഞു.
"സാർ എന്‍റെ പേര് ഓർത്തിരിക്കുന്നല്ലോ സന്തോഷം എന്ന് പറഞ്ഞ് അദ്ദേഹം തന്‍റെയും ചില സുഹൃത്തുക്കളുടെയും കദന കഥ പറഞ്ഞു.: കോൺഗ്രസ് പാർട്ടിയിൽ നിന്ന് നിരന്തരമായുണ്ടായിക്കൊണ്ടിരിക്കുന്ന അവഗണനയാണ് കഥാസാരം. അതിനാൽ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിന് ഞങ്ങൾ കുറച്ചാളുകൾ സാറിനെ കാണാൻ വരുന്നു. സംഗതി ഇത്രത്തോളമെത്തിയപ്പോൾ ഞാൻ പറഞ്ഞു: "കാര്യം ഗൗരവമുള്ളതു തന്നെ. പക്ഷേ നിങ്ങൾ വിളിച്ചത് കോഴിക്കോട്ടുള്ള അതേ പേരുകാരനെയാണ്." പിന്നെയുണ്ടായ പൂരം പറയാവതല്ല. (ഗുണപാഠം: ഫോണിൽ പേരുകൾ വ്യക്തമായി സേവ് ചെയ്യണം)
രണ്ടുപേർക്ക് ഒരേ പേരുണ്ടായിപ്പോയതാണ് മഹാഭാരതത്തിലെ സകല കുഴമാന്ത്രങ്ങൾക്കും കാരണം. ചിത്രാംഗദൻ എന്ന ഗന്ധർവനും അതേ പേരുകാരനായ കൗരവ പൂർവികനും തമ്മിൽ പേരിനെച്ചൊല്ലിയുണ്ടായ കശപിശയ്ക്കൊടുവിൽ ഗന്ധർവൻ കൗരവനെ അടിച്ചു കൊന്നു.
ദോഷം പറയരുതല്ലോ ഞാനും എന്‍റെ പേരുകാരനുമായി ശണ്‌ഠയൊന്നുമില്ല. എന്‍റെ ഒരു പുസ്‌തകം തൃശൂരുവച്ച് അദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്. കെ.വി.തോമസിന്‍റെ പുസ്‌തകം കെ.വി തോമസ് പ്രകാശിപ്പിക്കുന്നതിലെ സാരസ്യത്തെപ്പറ്റി അന്നദ്ദേഹം സൂചിപ്പിച്ചിരുന്നു. എറണാകുളത്തുവച്ച് എനിക്ക് ഒരു അവാർഡും തന്നിട്ടുണ്ടദ്ദേഹം.
ഗൂഗിളിൽ സെർച്ച് ചെയ്യുന്നവരുടെ മുമ്പിൽ ഞങ്ങളുടെ പേരുകൾ ഒന്നിച്ചാവിർഭവിക്കുന്നതുമൂലം ചില്ലറ പ്രശ്‌നങ്ങൾ ഇല്ലാതില്ല. പല മീറ്റിങ്ങുകളിലും 'കുമ്പളങ്ങിക്കഥകളു'ടെ പേരിൽ സ്വാഗതപ്രസംഗകർ എന്നെ മുച്ചൂടും അനുമോദിച്ചിട്ടുണ്ട്. എന്തു ചെയ്യാം...?. എന്തായാലും ഇക്കഴിഞ്ഞ രണ്ടുമൂന്നുദിവസത്തെ അനുഭവം കൊണ്ട്, വിനയത്തിൽ പൊതിഞ്ഞ തെറി പറയാൻ കോൺഗ്രസുകാർ പഠിച്ചു എന്ന് എനിക്കുറപ്പിച്ച് പറയാനാവും.
ഭാഷ നന്നാവുന്നത് നല്ല കാര്യം തന്നെ. ഞാനിത്ര ചീത്തവിളി കേൾക്കുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ അവസ്ഥ എന്തായിരിക്കും ഈശ്വരന്മാരേ...! എങ്ങനെയെങ്കിലും ഈ തൃക്കാക്കര തെരഞ്ഞെടുപ്പ് ഒന്നു വേഗം കഴിഞ്ഞുകിട്ടിയാൽ മതിയായിരുന്നു.
എന്ന്,
കോഴിക്കോട്ട് എരഞ്ഞിപ്പാലത്ത് താമസിക്കും പാമ്പാടി കരോട്ട് വർഗീസ് മകൻ, ഡോ. കെ.വി തോമസ്.