കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ ഡീപ് ഫേക്ക് തട്ടിപ്പ് കേസിലെ പ്രതി കൗശൽ ഷാ (53) റിമാന്‍ഡില്‍. എഐ (Artificial Intelligence) സഹായത്തോടെ കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലാണ് കൗശൽ ഷായ്‌ക്കെതിരെ നടപടി (Scam Using AI and Deep Fake). കോഴിക്കോട് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രധാന പ്രതിയായ കൗശൽ ഷായെ റിമാന്‍ഡ് ചെയ്‌തത്.
എഐ ഡീപ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ വീഡിയോ കോളില്‍ രൂപവും ശബ്‌ദവും വ്യാജമായി സൃഷ്‌ടിച്ചാണ് കോഴിക്കോട് സ്വദേശിയായ പി എസ് രാധാകൃഷ്‌ണനില്‍ നിന്നും പ്രതികള്‍ 40,000 രൂപ തട്ടിയെടുത്തത്. അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പേയ്‌മെന്‍റ് അക്കൗണ്ടിലേക്ക് എത്തിയ തുക നാല് തവണയായി മഹാരാഷ്ട്ര അസ്ഥാനമായ രത്നാകര്‍ ബാങ്കിന്‍റെ ഗോവയിലെ ശാഖയില്‍ നിക്ഷേപിച്ചു. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കായിരുന്നു പണം എത്തിയത്.
നിലവില്‍ തിഹാര്‍ ജയിലില്‍ ഉള്ള കൗശൽ ഷായെ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രൊഡക്ഷൻ വാറന്‍റ് പുറപ്പെടുവിക്കാൻ സൈബർ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി കൗശൽ ഷാ തിഹാർ ജയിലിൽ ഉണ്ടെന്ന വാർത്ത ഇടിവി ഭാരത് ആയിരുന്നു ആദ്യം പുറത്തുവിട്ടത്.
ഡല്‍ഹി സൈബര്‍ പൊലീസ് ആയിരുന്നു ഷായെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സൈബർ പൊലീസ് അറസ്റ്റ് ചെയ്‌ത സിദ്ധേഷ് ആനന്ദ്, അമരിഷ് അശോക് പാട്ടീൽ എന്നിവരിൽ നിന്നാണ് കൗശലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഡൽഹി പൊലീസുമായി സംസാരിച്ച കേരള പൊലീസ് വിവരം ഉറപ്പ് വരുത്തി കോഴിക്കോട്ടെ കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സിം കാര്‍ഡുകള്‍ക്കൊപ്പം മൊബൈല്‍ ഫോണുകളും മാറി മാറിയായിരുന്നു ഇയാള്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. അവസാനം, ബിഹാര്‍ അതിര്‍ത്തിയിലാണ് ഇയാളുടെ ലൊക്കേഷന്‍ കാണിച്ചത്. എന്നാല്‍, പിന്നീട് അതും നിശ്ചലമാകുകയായിരുന്നു.
പ്രതി നേപ്പാളിലേക്ക് കടന്നിരിക്കാം എന്ന സംശയത്തിലായിരുന്നു ആദ്യം കേരള പൊലീസ്. അഹമ്മദാബാദിലെ ഉസ്‌മാന്‍പുര സ്വദേശി കൗശല്‍ ഷായുടെ വിവരങ്ങള്‍ അന്വേഷിച്ച് രണ്ട് പ്രാവശ്യമായി രണ്ടാഴ്ചയോളം കാലം കോഴിക്കോട് നിന്നുള്ള സൈബർ പൊലീസ് സംഘം ഗുജറാത്തില്‍ തങ്ങി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഇയാള്‍ക്കെതിരെ ഗുജറാത്തില്‍ മാത്രം നിരവധി കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നത്.
കോഴിക്കോട്ടെ കേസില്‍ ആദ്യം അറസ്റ്റിലായ ഷെയ്ക്ക് മുര്‍ത്തുസാമിയയെ പോലെ കൂട്ടാളികള്‍ കൗശലിനായി നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കലാണ് കൂട്ടാളികളുടെ പ്രധാന ജോലി. യൂക്കോ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഉജ്ജീവൻ ബാങ്ക് എന്നിവിടങ്ങളിലാണ് ഈ സംഘം അക്കൗണ്ടുകൾ ആരംഭിച്ചത്.
തട്ടിപ്പിലൂടെ വന്നുചേരുന്ന പണം പല അക്കൗണ്ടുകൾ വഴി ട്രാൻസ്‌ഫര്‍ ചെയ്യും. അവസാനം, പണം വന്ന് ചേരുന്ന ആൾ അത് പിൻവലിച്ച് കൗശൽ ഷായ്‌ക്ക് കൈമാറി കമ്മീഷനും കൈപ്പറ്റും.
കോഴിക്കോട് സ്വദേശിയില്‍ നിന്നും പ്രതി തട്ടിയെടുത്ത പണം എത്തിയത് ഗോവയിലെ ട്രേഡിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് നേരത്തെ വ്യക്തമായിരുന്നു. തട്ടിപ്പിന് പ്രതികള്‍ ഉപയോഗിച്ച വാട്‌സ് ആപ്പ് നമ്പരും ഗോവയില്‍ പണം നിക്ഷേപിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടിന്‍റെ ഉടമയും ആയിരുന്നു മുര്‍ത്തുസാമിയ.
Also Read : കോഴിക്കോട്ടെ ഡീപ് ഫേക്ക് തട്ടിപ്പില്‍ വീണ്ടും അറസ്‌റ്റ് ; പിടിയിലായത് മഹാരാഷ്ട്ര സ്വദേശികൾ