കോഴിക്കോട് : കേരളത്തില്‍ വിവിധ സമുദായങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള നാടന്‍ വിനോദമാണ് കോല്‍ക്കളി. കോലടിക്കളി, കമ്പടിക്കളി, കോല്‍ക്കളി എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. എന്നാല്‍ മലബാറിലെ മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോല്‍ക്കളികള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്.
വന്ദനക്കളി, വട്ടക്കോല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റല്‍, ചുറഞ്ഞുചുറ്റല്‍, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങള്‍ കോല്‍ക്കളിയില്‍ ഉണ്ട്. സ്‌കൂള്‍ കലോത്സവ മത്സരങ്ങളിലെ പ്രധാന ഇനമായി കോല്‍ക്കളിയെയും പരിഗണിച്ചതോടെ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരമാണ് ഗുജറാത്തി ഹോളിലെ ബേപ്പൂര്‍ സ്റ്റേജില്‍ അരങ്ങേറിയത്.
താളത്തില്‍ കോലുകള്‍ കൊണ്ട് പരസ്‌പരം അവര്‍ കൊട്ടി മത്സരവേദിക്ക് താളക്കൊഴുപ്പേകി. കണ്ടുനിന്നവര്‍ക്ക് ആവേശക്കാഴ്‌ചയായിരുന്നു കലോത്സവവേദിയിലെ കോല്‍ക്കളി മത്സരം. സാധാരണഗതിയില്‍ പത്ത് ജോഡി യുവാക്കള്‍ പ്രത്യേക വേഷവിധാനത്തോടെ വേദിയിലെത്തും. ചിലങ്കയുള്ളതോ ഇല്ലാത്തതോ ആയ കമ്പുകളാണ് കളിക്കാര്‍ ഉപയോഗിക്കുന്നത്.
കോല്‍ക്കളിക്കാര്‍ വട്ടത്തില്‍ ചുവടുവച്ച് ചെറിയ മുട്ടുവടികള്‍ കൊണ്ട് താളത്തില്‍ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോല്‍ക്കളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയര്‍ന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ഛസ്ഥായിയിലാവുന്നു.