കോഴിക്കോട് : വാഴയൂർ ഗ്രാമപഞ്ചായത്തിലെ സ്ത്രീ കൂട്ടായ്‌മ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്. വനിത നാടകപ്രവർത്തകർ രൂപംകൊടുത്ത 'കനൽ ഷീ തിയേറ്റേഴ്‌സാണ്'(Kanal She Theaters) പ്രൊഫഷണല്‍ നാടകവുമായി(professional drama) രംഗ പ്രവേശനത്തിന് ഒരുങ്ങുന്നത്. ‘ജോഗിനി ഒരു തുടർക്കഥ’യാണ് ആദ്യ നാടകം.
സ്ത്രീസൗഹൃദ ഗ്രാമ പഞ്ചായത്താക്കുന്നതിന്‍റെ ഭാഗമായി വാഴയൂർ പഞ്ചായത്ത്(vazhayoor grama panchayat) തയാറാക്കിയ ‘കൂട്ടുകാരി’ പദ്ധതിയുടെ ഭാഗമായി പിറവിയെടുത്ത വനിത നാടകക്കൂട്ടായ്‌മയാണ് 'കനൽ ഷീ തിയേറ്റേഴ്‌സ്'. നാടകരംഗത്ത് താൽപര്യമുള്ള സ്ത്രീകളെ കുടുംബശ്രീ(kudumbashree) വഴിയാണ് കണ്ടെത്തിയത്. ഇവരെ ഉൾപ്പെടുത്തി നാടക പരിശീലനക്യാമ്പ് സംഘടിപ്പിക്കുകയും കനൽ ഷീ തിയേറ്റേഴ്‌സ് ഔദ്യോഗികമായി രൂപവത്കരിക്കുകയും ചെയ്‌തു.
തങ്ങളുടെ കലാഭിരുചികൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേദിയായതോടെ പഞ്ചായത്ത് പരിധിയിലെ ഒട്ടേറെ സ്ത്രീകളും കുട്ടികളും നാടക ട്രൂപ്പിന്‍റെ ഭാഗമായി. കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെയാണ് നാടകക്കളരി വീണ്ടും സജീവമാക്കുന്നത്.
ദേവദാസി സമ്പ്രദായത്തിന്‍റെ തുടർച്ചയെന്നോണം മാറിയകാലത്ത് ചൂഷണങ്ങൾക്ക് ഇരയാവുന്ന സ്ത്രീസമൂഹത്തിന്‍റെ അവസ്ഥാന്തരങ്ങളാണ് 'ജോഗിനി ഒരു തുടർക്കഥ' എന്ന നാടകം തുറന്നുകാട്ടുന്നത്. ജിമേഷ് കൃഷ്‌ണനും ടി.പി പ്രമീളയും ചേർന്ന് രചിച്ച നാടകം മോഹൻ കാരാടാണ് സംവിധാനം ചെയ്യുന്നത്. വൈഷ്‌ണവി ദർപ്പണയാണ് നൃത്തസംവിധാനം.
അരങ്ങിലും അണിയറയിലുമായി വാഴയൂർ ഗ്രാമത്തിലെ ഒട്ടേറെ കലാകാരൻമാരാണ് ഈ നാടകത്തിന്‍റെ ഭാഗമാവുന്നത്. വാഴയൂരിലെ നാടക കലാകാരരുടെ കൂട്ടായ്‌മയായ നാട്ടുറവയും ഇതുമായി സഹകരിക്കുന്നുണ്ട്. ഡിസംബർ മാസം അവസാനം നാടകം അരങ്ങിലെത്തും. ബോധവൽക്കരണ നാടകമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കാനാണ് 'കനൽ ഷീ തിയേറ്റേഴ്‌സ്' ലക്ഷ്യമിടുന്നത്.