തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കള്ളക്കേസെടുത്ത് ജയിലിടച്ച രണ്ടുപേര്‍ക്ക് ജാമ്യവും ഒരാള്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ഹൈക്കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ്.
കള്ളക്കേസെടുത്ത് നിരപരാധികളെ ജയിലിലടയ്ക്കാനുള്ള സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തി വിരോധമല്ലെന്ന് നിരീക്ഷിച്ച കോടതി, എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയ ശേഷമാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിയോടെ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വികൃതമായ മുഖം രക്ഷിക്കാനാണ് ഇത്തരത്തില്‍ ഒരു കള്ളക്കേസ് കെട്ടിച്ചമച്ചത്.
Also Read: 'പ്രതിഷേധത്തിനുപിന്നിൽ ഗൂഢാലോചന' ; വിമാനത്തിൽ സിസിടിവി ഇല്ലായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ
ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധങ്ങള്‍ക്കും അതീതനാണെന്ന സിപിഎമ്മിന്റെ കാഴ്ചപ്പാട് മൗഢ്യമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷ നേതാവിനെയും കെപിസിസി ഓഫിസ് ആക്രമിച്ച് എകെ ആന്റണിയെയും വകവരുത്താന്‍ ശ്രമിച്ചവരാണ് സിപിഎം എന്നത് മറക്കരുത്.
കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ച പൊലീസാണ് വിമാനത്താവളത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി മുന്നോട്ടുപോകുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സുധാകരന്‍ പറഞ്ഞു.