കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തില്‍ വ്യക്തത നല്‍കി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. എല്ലാവരും തന്നോട് കേരളത്തിൽ പ്രവർത്തിക്കണം എന്ന് ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്‌പര്യമുണ്ടെന്നും ശശി തരൂർ തുറന്നുപറഞ്ഞു.
ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ ദേവലോകം അരമനയില്‍ ഇന്ന് വൈകിട്ട് 6.30ന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ തറവാടി നായര്‍ എന്ന് വിശേഷിപ്പിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രയോഗത്തോട് പ്രതികരിക്കാനില്ല. അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണം.
തന്‍റെ മനസിലോ പ്രവർത്തിയിലോ ജാതിയില്ല. തന്‍റെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ല. ജാതീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ജാതിയും മതവുമെല്ലാം സ്വകാര്യമാണ്. ജാതിയല്ല, കഴിവാണ് പ്രധാനം. എൻഎസ്എസ് രജിസ്ട്രാറുടെ രാജിയും തൻ്റെ സന്ദർശനവും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ബാവയുടെ വാക്കുകളോട് ബഹുമാനം': കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്താൻ കേരളത്തിൽ പ്രവർത്തിക്കണമെന്ന് തരൂരിനോട് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. ഇത്തവണ പ്രതിപക്ഷത്ത് ആകാൻ കാരണം കോൺഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ്. തുടർച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ആയത് കോൺഗ്രസിന്‍റെ അപചയമാണ്. കേരളത്തിൽ മാറിമാറിയുള്ള ഭരണമാണ് നല്ലതെന്നും ബാവ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്‍റെ വാക്കുകൾ ബഹുമാനത്തോടെ കേട്ടുവെന്ന് തരൂർ പ്രതികരിച്ചു.