കോഴിക്കോട്: ദേശഭക്തിയിൽ ചരിത്ര നിമിഷം തീർത്ത് ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. വിദ്യാലയത്തിലെ 1,800 വിദ്യാർഥിനികൾ ചേർന്ന് ആലപിച്ച മെഗാദേശഭക്തി ഗാനം നവ്യാനുഭവമായി. 12 മിനിട്ടിലേറെ ദൈർഘ്യമുള്ള ഗാനത്തിൽ ഏഴ് ഇന്ത്യൻ ഭാഷകളുടെ സാന്നിധ്യമുണ്ടായിരുന്നു.
കന്നഡ, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, മലയാളം ഭാഷകളാണ് ഒത്തുചേർന്നത്. ഇതര ഭാഷക്കാരായ വിദ്യാർഥിനികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഇന്ന് രാവിലെ നടന്ന ‘ഇന്ത്യാരാഗ് 2023’ എന്ന പരിപാടി മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഉദ്ഘാടനം ചെയ്‌തത്. അഞ്ചാംതരം തൊട്ട് പ്ലസ്‌ടു വരെയുള്ള മിടുക്കികൾ സൃഷ്‌ടിച്ച രാഗതരംഗത്തിന് സാക്ഷിയാകാൻ നിരവധി പേരാണ് എത്തിയത്.
പൂവണിഞ്ഞത് അധ്യാപിക മിനിയുടെ സ്വപ്‌നം: പരിപാടിക്ക് ചുക്കാൻ പിടിച്ച സ്‌കൂളിലെ സംഗീത അധ്യാപിക മിനി ടീച്ചർക്ക് മന്ത്രി ഉപഹാരം കൈമാറി. 75 അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും നൽകിയ പിന്തുണയാണ് പരിപാടിയുടെ വിജയമെന്ന് മിനി ടീച്ചർ പറഞ്ഞു. വളരെ നാളായി മനസിൽ കൊണ്ടുനടന്ന ഒരാഗ്രഹം സഫലമായ നിമിഷത്തിൽ മിനി ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. പറയാൻ വാക്കുകൾ കിട്ടാതായി. കന്നഡ ഗാനം 'നന്ന ദേശ നന്ന ഉസിരു', സംസ്‌കൃത ഗാനം', 'ജയതി ജയതി ഭാരത മാത', തമിഴ് ഗാനം 'പാറുക്കുള്ള നല്ല നാട്', തെലുങ്ക് ഗാനം 'സംഘാടനം ഒക്ക യജ്ഞം', കൊങ്കണി ഗാനം' ഹർ ഹത് സത് രംഗ്', ഹിന്ദി ഗാനം 'ചന്ദൻ ഹേ മതി മേരേ ദേശ് കി', മലയാളം ഗാനം 'ജയ ജയ ജയ ജന്മഭൂമി' എന്നിവയാണ് ആലപിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, ഭിന്നശേഷിക്കാരായ നിരവധി പേർ... അങ്ങനെ എല്ലാം മറന്ന് അതിരുകൾ ഭേദിച്ച് അവർ ഒന്നിച്ചു. ഇന്ത്യ എന്ന വൈവിധ്യത്തെ അവർ കൈയടിച്ച് വരവേറ്റു. ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്‌ണ (ബെയ്‌സ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവരാണ് ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്.
രാജ്യം ആഘോഷിക്കുന്നത് 77ാമത് സ്വാതന്ത്ര്യ ദിനം: അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്‌ടു വരെയുള്ള മിടുക്കികളാണ് മെഗാദേശഭക്തി ഗാനത്തിന്‍റെ ഭാഗമായത്. 'പാട്ട് അറിയാത്ത കുട്ടി എന്നൊന്നില്ല. സംഗീതം ആസ്വദിക്കുന്ന ആർക്കും പാടാം. അവരിൽ ആരെയും ഒഴിവാക്കില്ല. പല പരിപാടികളിലും പങ്കെടുക്കാൻ പറ്റാത്ത കുട്ടികളുടെ ദുഃഖം ഞാൻ കണ്ടതാണ്. അവരെയെല്ലാം കോർത്തിണക്കാനുള്ള എത്രയോ കാലത്തെ ആഗ്രഹമാണ് പൂവണിയാൻ പോകുന്നത്.' - പരിപാടി സംഘടിപ്പിക്കുന്നതിന് മുന്‍പ് തന്നെ ചുക്കാൻ പിടിക്കുന്ന സ്‌കൂളിലെ സംഗീതാധ്യാപിക മിനി ഡികെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. 77ാമത് സ്വാതന്ത്ര്യ ദിനമാണ് ഓഗസ്റ്റ് 15ന് രാജ്യം ആഘോഷിക്കുന്നത്.