കോഴിക്കോട് : സിനിമ മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ എന്‍ക്വയറി കമ്മറ്റി ആക്‌ട് പ്രകാരം നിയോഗിച്ച കമ്മിഷന്‍ അല്ലാത്തതുകൊണ്ട് റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് മുൻ സാംസ്‌കാരിക മന്ത്രി പറഞ്ഞതെന്നും സതീദേവി പറഞ്ഞു.
സിനിമ മേഖലയിലെ നിയമ നിര്‍മാണത്തിന് സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടികള്‍ക്ക് നേരെയുണ്ടാകുന്ന വിവേചനപരമായ കാര്യങ്ങള്‍ പരിശോധിക്കാനും നടപടി ഉറപ്പ് വരുത്താനും സര്‍ക്കാറുമായി വനിത കമ്മിഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.
സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് നിര്‍മാണ കമ്പനികള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേതുണ്ട്. എന്നാല്‍ ഈ മേഖലയിലെ കംപ്ലയിന്‍റ് കമ്മറ്റികള്‍ പ്രവര്‍ത്തനക്ഷമമല്ല. പുതിയ പെണ്‍കുട്ടികള്‍ക്ക് സിനിമ മേഖലയിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനാകണം. ഇതിനായി നിര്‍മാണ കമ്പനികള്‍ തങ്ങളുടെ കടമകള്‍ നിറവേറ്റണം.
also read:'ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇടപെടണം' ; വനിത കമ്മിഷനെ സമീപിച്ച് ഡബ്ല്യുസിസി
നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം എന്ന ആവശ്യം ഡബ്ല്യുസിസി കമ്മിഷന് മുന്നില്‍ വച്ചിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി. കേസ് നടക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഡബ്ല്യുസിസി അംഗങ്ങള്‍ കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വനിത കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്.