കോഴിക്കോട് : പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. കോഴിക്കോട് ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ പരിശോധിക്കാൻ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോൺ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 'വിദ്യാർഥികളെ ഇതിലെ ഇതിലെ' യായിരുന്നു ആദ്യ ചിത്രം. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ദ്വീപ് (1976), രതിനിർവേദം (1978), ചാമരം (1980), ഒരു വടക്കൻ വീരഗാഥ (1989) എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ മികവിനാണ് അവാർഡ് ലഭിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി ത്രീഡി ചിത്രമായ 'പ്രൊഫസര്‍ ഡിങ്കന്‍' സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. എംടിയുടെ നിർമാല്യം, ബന്ധനം, കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, കെ.ജി. ജോർജിന്റെ സ്വപ്നാടനം, മേള, കോലങ്ങൾ, രാമു കാര്യാട്ടിന്റെ ദ്വീപ്, കെ. എസ്. സേതുമാധവന്റെ അമ്മെ അനുപമെ, ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, ഭരതന്റെ രതിനിർവേദം, ചാമരം, നിദ്ര, മർമരം, ബാലചന്ദ്ര മേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള, ഹരിഹരന്റെ ഒരു വടക്കൻ വീരഗാഥ, കമലിന്റെ ഗസൽ, ലോഹിതദാസിന്റെ കന്മദം എന്നിവയാണ് രാമചന്ദ്ര ബാബു ഛായാഗ്രഹണം നിര്‍വഹിച്ച പ്രധാന ചിത്രങ്ങൾ. ഒരേ സമയം സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും സജീവമായിരുന്ന രാമചന്ദ്ര ബാബുവിന്‍റെ വേര്‍പാടിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം.