കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലവിലെ പെര്‍മിറ്റിന് കീഴിലാക്കുക, തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോറിക്ഷാ തൊഴിലാളികളുടെ 24 മണിക്കൂര്‍ സൂചനാപണിമുടക്ക് ആരംഭിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ ഓട്ടോ തൊഴിലാളികള്‍ പണി മുടക്കുന്നത്.
സംസ്ഥാന സര്ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായി സബ്‌സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോട്ടുളളത്. ഇത്തരത്തില്‍ പെര്‍മിറ്റില്ലാതെ ഇവരെ സര്‍വീസ് നടത്താന്‍ അനുവദിക്കുന്നത് തൊഴില്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സംയുക്ത സമര സമിതി പറയുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. മറ്റ് ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറാന്‍ സാവകാശം അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസം ഇതേവിഷയം ഉന്നയിച്ച് കോഴിക്കോട്ടെ ഓട്ടോതൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അടുത്ത മാസം അനിശ്ചിത കാല സമരം തുടങ്ങാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.