കോഴിക്കോട്: ഹ്രസ്വ ചിത്ര വിഭാഗത്തിൽ ഓസ്‌കർ നേടിയ 'ദി എലഫന്‍റ് വിസപറേഴ്സി'ലൂടെയാണ് കോഴിക്കോട് കോട്ടൂളി സ്വദേശി അശ്വതി നടുത്തൊടി മലയാളിത്തിളക്കമായത്. ചിത്രത്തിൻ്റെ പോസ്‌റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസറായിരുന്ന അശ്വതി അമേരിക്കയിൽ നിന്ന് തൻ്റെ അനുഭവം ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുന്നു.
ഓസ്‌കർ മുഹൂർത്തവും മതിമറന്ന നിമിഷവും: ഡോൾബി തിയേറ്ററിൽ വലിയ ആകാംക്ഷയുടെ നിമിഷമായിരുന്നു ഓസ്‌കർ പ്രഖ്യാപനവേളയിൽ ഉണ്ടായിരുന്നത്. ഹ്രസ്വചിത്ര വിഭാഗത്തിലെ പ്രഖ്യാപനം വൈകുന്നതിനനുസരിച്ച് പിരിമുറുക്കവും വർധിച്ചു. ഒടുവിൽ പ്രഖ്യാപനം വന്നു, ആ സമയം ഇരുന്ന കസേരയിൽ നിന്നും താനടക്കമുള്ള അണിയറ പ്രവർത്തകർ ചാടി എഴുന്നേൽക്കുകയായിരുന്നു.
ഒരു നിമിഷം അത് ഓസ്‌കർ പ്രഖ്യാപന വേദിയാണെന്നും ഡോൾബി തിയറ്റർ ആണെന്നുമെല്ലാം മറന്നുപോയ നിമിഷം. എന്നിരുന്നാലും എല്ലാവരും സ്വയം നിയന്ത്രിച്ചു. അവാർഡ് നിശ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ആകെ ഒരു ശൂന്യതയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു അവസ്ഥ. ഇനിയും നല്ല ചിത്രങ്ങൾ നിർമിക്കാനുള്ള ഒരു ആവേശമായിരുന്നു ഓസ്‌കർ വേദിയിൽ നിന്നും ലഭിച്ചത്. ഇങ്ങനെ ഒരു അവസരം തന്നതിന് ദൈവത്തിനോടും സംവിധായക കാർത്തികി ഗോൺസാവൽസിനോടും പ്രൊഡക്ഷൻ ഹൗസായ സിക്കിയ എന്‍റര്‍ടെയിന്‍മെന്‍റ്‌സിനും മുഴുവൻ അണിയറ പ്രവർത്തകരോടും നന്ദി പറയുകയാണ് അശ്വതി.
ഈ സംരംഭത്തിലേക്ക് എത്തിയത്: 'സുരറൈ പ്രോട്രി'ന്‍റെ കോ പ്രൊഡക്ഷന്‍ ഹൗസായ സിക്കിയ എന്‍റര്‍ടെയിന്‍മെന്‍റ്സ് തന്നെയായിരുന്നു 'ദി എലഫന്‍റ് വിസപറേഴ്സി'ന്‍റേതും. അങ്ങനെയാണ് ഈ പ്രൊജക്‌ടിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷത്തോളമാണ് 'ദി എലഫന്‍റ് വിസപറേഴ്സ്' ടീമിനൊപ്പം പ്രവര്‍ത്തിച്ചത്. ഡോക്യുമെന്‍ററി ആയതിനാല്‍ തന്നെ വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ അതിന്‍റേതായ സമയമെടുത്തു.
ഏതാണ്ട് 450 മണിക്കൂറോളമുള്ള ഫൂട്ടേജുകളും ഇന്‍റര്‍വ്യൂകളുമായിരുന്നു ഡോക്യുമെന്‍ററിക്കായി ചിത്രീകരിച്ചത്. അതില്‍ നിന്ന് പ്രബുദ്ധമായ ഒരു കഥയുണ്ടാക്കിയെടുക്കുന്ന ആ യാത്ര മനോഹരമായിരുന്നു. സംവിധായക കാർത്തികി ഗോൺസാവൽസിൻ്റെ നേതൃത്വത്തിലുള്ള മികച്ച ടീമായിരുന്നു ഒപ്പമുണ്ടായിരുന്നത് എന്നതുകൊണ്ട് തന്നെ അത്രയധികം മനസുഖം നൽകുന്നതായിരുന്നു ജോലിയും.
സംവിധായക മോഹവുമായുള്ള തുടക്കം: പന്ത്രണ്ടാം ക്ലാസ് വരെ കോഴിക്കോട് അമൃത വിദ്യാലയത്തിൽ പഠിച്ച അശ്വതി സംവിധായികയാകണമെന്ന് മോഹവുമായാണ് കോയമ്പത്തൂരിലേക്ക് വണ്ടി കയറിയത്. അവിടെ പിഎസ്‌ജി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍റ് സയന്‍സില്‍നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടി. ഒരു ഹ്രസ്വ ചിത്രം മനസ്സിൽ കണ്ട് ബംഗളൂരുവിലേക്ക് വച്ചുപിടിച്ചു. പക്ഷേ ആവശ്യത്തിന് കാശുണ്ടെങ്കിൽ മാത്രമല്ലേ ഒരു ഷോർട്ട് ഫിലിമെങ്കിലും ചെയ്യാൻ കഴിയൂ എന്ന് മനസിലാക്കി ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയിൽ ഒരു വർഷത്തോളം ജോലി ചെയ്തു.
തലവര മാറ്റിയ മുംബൈ യാത്ര: തമിഴ്‌നാട്ടിൽ അസിസ്‌റ്റന്‍റ് ഡയറക്‌ടറായി ജോലി ചെയ്താണ് തുടക്കം. അതിൽ ആദ്യ സിനിമ വെളിച്ചം കണ്ടില്ല. രണ്ടാമത്തെ സിനിമ വർഷങ്ങൾക്ക് ശേഷം റിലീസായി. അതിനിടെ ബോംബെയിലേക്ക് വണ്ടി കയറി. സിനിമ സാങ്കേതിക മേഖലയില്‍ മലയാളി സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്താണ് അശ്വതി സിനിമ മോഹങ്ങളുമായി കോഴിക്കോട്ടെ ഒരു സാധാരണ കുടുംബത്തില്‍ മുംബൈയിലെത്തുന്നത്.
അതിനിടയിൽ ശരീരത്തിന്‍റെ വലതു ഭാഗത്തിനേറ്റ പക്ഷാഘാതം വലിയ തളർച്ചയായി. അസുഖത്തിൽ നിന്ന് കരകയറിയപ്പോൾ തിരക്കഥ പഠനം ആരംഭിച്ചു. പ്രശസ്‌ത സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ അസിസ്‌റ്റന്‍റ് ഡയറക്‌ടറായെങ്കിലും ആ ക്ലാസിൽ പക്ഷേ കൂടുതല്‍ കാലം ഇരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ഏതാനും പരസ്യ ചിത്രങ്ങളും ചെയ്‌തു.
ആ മോഹം എന്നന്നേക്കുമായി വിട്ടു: പിന്നീടുള്ള യാത്രയില്‍ ടെക്‌നോളിയും മാനേജ്‌മെന്‍റുമാണ് എനിക്ക് പറ്റിയ മേഖലയെന്ന് മനസിലാക്കുകയും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു. പോസ്‌റ്റ് പ്രൊഡ്യൂസര്‍, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍, വിഷ്വല്‍ ഇഫക്റ്റ് കോ-ഓര്‍ഡിനേറ്റര്‍, അസിസ്‌റ്റന്‍റ് ആര്‍ട്ട് ഡയറക്‌ടര്‍ തുടങ്ങി വിവിധ മേഖലകള്‍ സിനിമയുടെ ഭാഗമായി. സുരറൈ പ്രോട്ര്, മിന്നല്‍ മുരളി, ഉയരെ, സോളോ, സല്യൂട്ട്, കായംകുളം കൊച്ചുണ്ണി, ബുൾബുൾ.. തുടങ്ങിയ സിനിമകളുമായി കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലമായി ഇന്ത്യന്‍ സിനിമമേഖലയില്‍ അശ്വതിയുണ്ട്.
മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ മുതല്‍ സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസർ വരെയുള്ള റോള്‍. ഇരുപത്തഞ്ചോളം ചിത്രങ്ങള്‍. 2019 മുതൽ മുംബൈയില്‍ സ്വന്തമായി വി യു ടാക്കീസെന്ന പോസ്‌റ്റ് പ്രൊഡക്ഷന്‍ കണ്‍സള്‍ട്ടന്‍സിയും അശ്വതി ആരംഭിച്ചു. സംവിധായികയാവുക എന്ന മോഹം പൂർണമായും ഒഴിവാക്കുകയാണ്. കുറച്ചു നല്ല സിനിമകൾ നിർമിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. മലയാളത്തിൽ അത് ഇ ഫോര്‍ എന്‍റ്ർടൈമെൻ്റിലൂടെയാണ് ചെയ്യുന്നത്.
ചിപ്‌സ് കഥയും അച്ഛൻ്റെ സാന്നിധ്യവും: എന്‍.വാസുദേവന്‍ ബനാന ചിപ്‌സ് എന്ന കടയും ഉടമ വാസുദേവനേയും അറിയാത്ത കോഴിക്കോട്ടുകാര്‍ കുറവായിരിക്കും. കോഴിക്കോടന്‍ ഹല്‍വയുടേയും കായ വറുത്തതിന്‍റെയും പെരുമ കടലു കടത്തിയ ബിസിനസുകാരൻ. ഈ നിമിഷത്തില്‍ ഞാനേറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് എന്നെ വിശ്വസിച്ച് എന്‍റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ അനുവദിച്ച എന്‍റെ അച്ഛനെയാണെന്ന് അശ്വതി പറയുന്നു.
അദ്ദേഹത്തിന്‍റെ അനുഗ്രഹമാണ് ഇവിടെ വരെ എത്താനുള്ള എന്‍റെ ഊര്‍ജം. അച്ഛന്‍ വാസുദേവന്‍ മരിച്ചിട്ട് ആറ് വര്‍ഷം പിന്നിടുന്നു. അമ്മ ഉദയശ്രീ വാസുദേവനും സഹോദരി അഭിരാമി ജിതേന്ദ്രയുമാണ് കട നോക്കി നടത്തുന്നത്.
പതറാതെ നിന്ന അമ്മയും എല്ലാം ത്യജിച്ച സഹോദരിയും: വീട്ടുകാരുടെയും പ്രത്യേകിച്ചും അച്ഛനെയും പിന്തുണയിലാണ് ഇത്രയും കാലം യാത്ര ചെയ്‌തത്. കഴിഞ്ഞ അഞ്ചു വർഷമായി സ്വന്തമായ കമ്പനിയിൽ നിന്നുള്ള വരുമാനമുണ്ട്. തൻ്റെ വളർച്ച കാണാൻ പക്ഷേ അച്ഛൻ ഇല്ല എന്നതാണ് ഏറെ ദുഃഖകരമെന്ന് അശ്വതി പറയുന്നു. ഞങ്ങളുടേത് ഒരു ബിസിനസ് കുടുംബമാണ്.
പേര് കേട്ട ബനാന ചിപ്സ് നടത്തിപ്പുകാരനായ അച്ഛൻ മരിച്ചത് വലിയൊരു വിടവായി. അമ്മ എങ്ങനെ അത് ഉൾക്കൊള്ളും എന്നതിലായിരുന്നു ആശങ്ക. എന്നാൽ വളരെ പെട്ടെന്ന് തന്നെ അമ്മ ഊർജസ്വലയായി. ഒപ്പം വിദേശത്ത് അടക്കം ജോലി ചെയ്‌തു കൊണ്ടിരുന്ന സഹോദരി അതെല്ലാം ഉപേക്ഷിച്ച് അമ്മയ്ക്ക് ഒപ്പം ചേർന്നു. അവരുടെ നല്ല മനസ്സു കൊണ്ടാണ് താൻ ഇപ്പോഴും സിനിമയുടെ ഭാഗമായി മുന്നോട്ടു പോകുന്നത്. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
കളിയാക്കിയവർക്ക് ഇതാ ഓസ്‌കർ: സിനിമയിൽ ഒരാൾക്ക് എന്തെങ്കിലും ആകണമെങ്കിൽ ചുരുങ്ങിയത് 10 വർഷമെങ്കിലും വേണം. അത് താൻ വീട്ടുകാർക്ക് നൽകിയ ഉറപ്പായിരുന്നു. അത് സഫലമായി. തനിക്ക് ഇപ്പോൾ ഒരു സിനിമ പോസ്‌റ്റ് പ്രൊഡക്ഷൻ കമ്പനി ഉള്ളതുപോലും കുടുംബത്തിലെ പലർക്കും അറിയില്ല.
സിനിമയിലാണെന്ന് മാത്രം അറിയാം. അതുകൊണ്ടുതന്നെ ഒരുപാട് കളിയാക്കലുകൾക്കും പാത്രമായിട്ടുണ്ട്. എന്നെങ്കിലും ഓസ്കർ കൊണ്ടുവരുമോ എന്ന് പരിഹസിച്ചു ചോദിച്ചവരും ഉണ്ട്. അതിനെല്ലാമുള്ള ഒരു മറുപടിയാണ് ഈ നേട്ടമെന്ന് അശ്വതി പറയുന്നു.