കോട്ടയം : കോട്ടയത്ത് എസ്ഐക്ക് വെട്ടേറ്റു. മണിമല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിദ്യാധരന് നേരെയായിരുന്നു ആക്രമണം. വെള്ളാവൂർ ചുവട്ടടിപ്പാറയിലാണ് സംഭവം. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വധശ്രമക്കേസ് പ്രതി അജീഷിനെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ ഇയാളുടെ പിതാവ് പ്രസാദ്, വിദ്യാധരന്‍റെ തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലയോട്ടിയ്ക്ക് പൊട്ടലുണ്ടായിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പുണ്ടായ വധശ്രമ കേസിലെ പ്രതിയാണ് അജീഷ്. ഒളിവിലായിരുന്ന അജീഷ് വീട്ടിൽ എത്തിയതറിഞ്ഞ് അറസ്റ്റ് ചെയ്യാൻ എസ്ഐയും സംഘവും എത്തിയതായിരുന്നു. അജീഷിനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പ്രതിയുടെ അച്ഛൻ വെട്ടുകത്തി കൊണ്ട് എസ്ഐയെ ആക്രമിച്ചത്.
ALSO READ: മുംബൈയിൽ വ്യാജ വാക്സിനേഷൻ ഡ്രൈവ് : നാല് പേർ പൊലീസ് പിടിയിൽ
തലയ്ക്കും കഴുത്തിനും സാരമായ വെട്ടേറ്റ വിദ്യാധരനെ നാട്ടുകാരുടെ സഹായത്തോടെ കാഞ്ഞിരപ്പളളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അജീഷിനെയും അച്ഛൻ പ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, എസ്ഐ വിദ്യാധരൻ്റെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. എസ്ഐ അപകട നില തരണം ചെയ്തുവെന്നും, അദ്ദേഹത്തിന് വിദഗ്‌ധ ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു.