ശബരിമല: മണ്ഡലകാലം ആരംഭിച്ച് ഒരു മാസം പിന്നിട്ടുമ്പോൾ ശബരിമലയിലെ വരുമാനത്തിൽ വൻ വർധനവ്. വരുമാനം 100 കോടി രൂപ കവിഞ്ഞെന്നാണ് കണക്കുകൾ. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് 40 കോടിയുടെ രൂപയുടെ വർധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. പ്രശ്‌ന കലുഷിതമായിരുന്ന കഴിഞ്ഞ മണ്ഡലകാലത്ത് ഇതേ ദിവസം പിന്നിടുമ്പോൾ ആകെ വരുമാനം 21 കോടി രൂപ മാത്രമായിരുന്നു. ഈ മണ്ഡലകാലം ആരംഭിച്ചതിന് ശേഷം കാണിക്കയായി മാത്രം ശബരിമലയിലെത്തിയത് 35 കോടി രൂപയാണ്.
ആറ് കോടിയിലധികം ചില്ലറകൾ ഇനിയും എണ്ണിത്തീർക്കാനുണ്ട്. ചില്ലറകൾ എണ്ണി തിട്ടപ്പെടുത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് 'തിരുപ്പതി മോഡൽ' ശബരിമലയിലും നടപ്പാക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. തിരുപ്പതി മോഡൽ ശബരിമലയിൽ നടപ്പാക്കുന്നതിനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ദേവസ്വം ബോർഡ്. കൂടാതെ പ്രധാന വരുമാന മാർഗമായ അപ്പം, അരവണ വിൽപനയിലും മുൻവർഷങ്ങളിലെ അപേക്ഷിച്ച് വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ഡലകാലം അവസാനിക്കാൻ ഒരു മാസം കൂടി ശേഷിക്കെ ശബരിമലയിലെ വരുമാനം റെക്കോഡിലെത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.