കോട്ടയം:തെരഞ്ഞെടുപ്പ് കാലം കൗതുകങ്ങളുടേത് കൂടിയാണ്. അത്തരമൊരു കൗതുകം നിറഞ്ഞ മുന്നറിയിപ്പ് ബോര്‍ഡ് വീടിന് സമീപം സ്ഥാപിച്ചിരിക്കുകയാണ് രാമപുരം ഗ്രാമപഞ്ചായത്ത് കൂടപലം വാര്‍ഡിലെ താമസക്കാരനായ സന്തോഷ്. കാണുന്നവര്‍ക്ക് കൗതുകമാണെങ്കിലും സന്തോഷിനിത് ഗൗരവമുള്ള കാര്യമാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികളൊ പ്രവര്‍ത്തകരോ 80 വയസ് കഴിഞ്ഞ മാതാപിതാക്കളുള്ള വീട്ടിലേക്ക് പ്രവേശിക്കരുതെന്ന് അറിയിക്കുന്നു എന്നതാണ് മുന്നറിയിപ്പ് ബോര്‍ഡിലെ വാചകങ്ങള്‍.സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചോദിക്കുന്നതിനായി ഫോണ്‍ നമ്പരും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. അഭ്യാര്‍ത്ഥനകളും മറ്റും വയ്ക്കുന്നതിനായി ബോര്‍ഡിന് താഴെ പ്രത്യേകം സ്ഥലവും ഒരുക്കിയിട്ടുണ്ട്.
സമീപ പ്രദേശത്ത് കൊവിഡ് മരണം ഉണ്ടായതോടെ പ്രായമായ മാതാപിതാക്കളുടെ സുരക്ഷയെക്കരുതിയാണ് സന്തോഷ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചത്. സന്തോഷും ഹൃദ്‌രോഗിയാണ്. അയല്‍വക്കത്തെ കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെടാതിരുന്നിട്ടും സ്വാധീനമുപയോഗിച്ച് തങ്ങളെ ക്വാറന്‍റീനിലിരുത്തിയ രാഷ്ട്രീയക്കാരോടുള്ള സന്തോഷിന്‍റെ പ്രതിഷേധം കൂടിയാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വിട്ടില്‍ പ്രവേശിക്കരുതെന്നുള്ള ഈ ബോര്‍ഡ്.