കോട്ടയം: കേസന്വേഷണത്തിന്‍റെ ഭാഗമായി എത്തിയ പൊലീസും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. പൊലീസിനെതിരെ ഒത്തുകൂടിയ നാട്ടുകാരെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാർജിൽ ആണ് ഓട്ടോറിക്ഷ ഡ്രൈവറായ ഒരാൾക്ക് പരിക്കേറ്റത്. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിയെ തുടർന്ന് ഒരു യുവാവിനെ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കാൻ ഈരാറ്റുപേട്ടയിൽ എത്തിയ പൊലീസിനെ ഒരു സംഘം നാട്ടുകാർ തടഞ്ഞു. തുടർന്ന് രണ്ട് ചേരിയായി തിരിഞ്ഞ് നാട്ടുകാൾ സംഘർഷം ആരംഭിച്ചു.
പൊലീസും നാട്ടുകാരും രണ്ട് സംഘമായി തിരിഞ്ഞ് വാക്കേറ്റം ആരംഭിച്ചതോടെ കൂടുതൽ പൊലീസ് എത്തി ഇവരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടയിൽ ഒരു സംഘം ആളുകൾ പൊലീസിനെതിരെയും അക്രമം നടത്തിയതോടെയാണ് പൊലീസ് ലാത്തി വീശിയത്. സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയ സംഭവത്തിൽ നിരവധി ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു.
പാവപ്പെട്ട വീട്ടിലെ ചെറുപ്പക്കാരനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനാലാണ് വാഹനം തടഞ്ഞതെന്ന് നഗരസഭ കൗൺസിലർ അനസ് പാറയിൽ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ അത് സാധിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ പൊലീസ് പിടിച്ചു തള്ളിയതായും മർദ്ദിച്ചതായും കൗൺസിലർ കുറ്റപ്പെടുത്തി. ഇതേ തുടർന്നാണ് സമീപത്തെ യുവാക്കൾ പൊലീസിനെതിരെ തിരിഞ്ഞത്. തുടർന്ന് പൊലീസ് ലാത്തി പ്രയോഗം നടത്തുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. സംഘർഷത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ സജീവിനാണ് പരിക്കേറ്റത്. ഇയാൾ പാലായിൽ ചികിത്സയിലാണ്.