കോട്ടയം: പണിമുടക്ക് അനുകൂലികൾ ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തിൽ പരാതില്ലെന്ന് നൊബേൽ പുരസ്കാര ജേതാവ് മൈക്കിൾ ലെവിറ്റ്. വിവാദങ്ങൾ ഉണ്ടാക്കാൻ താല്‍പര്യമില്ലെന്നും തിരിച്ചെത്തിയപ്പോൾ തനിക്ക് വലിയ സ്വീകരണം ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തെ കായൽ യാത്രക്ക് ശേഷം തിരികെ കുമരകത്ത് എത്തിയപ്പോഴായിരുന്നു മൈക്കിൾ ലെവിറ്റിന്‍റെ പ്രതികരണം.
കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു പുലർച്ചെ തന്നെ നേരിട്ടെത്തി മൈക്കിൾ ലിവിറ്റിനെയും ഭാര്യയേയും സ്വീകരിച്ചു. അതേസമയം സംഭവം വിവാദമായതോടെ ആലപ്പുഴ ജില്ലാ കലക്ടർ എം. അജ്ഞന ഹൗസ് ബോട്ടിൽ എത്തി ലെവിറ്റുമായി വിശദമായ ചർച്ച നടത്തി രമ്യതയിലെത്തിയിരുന്നു എന്നാണ് വിവരം. ലെവിറ്റ് സർക്കാരിന്‍റെ അതിഥി ആയിരുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ അതിഥിയായാണ് കേരളത്തിലെത്തിയതെന്നും കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു പറഞ്ഞു.
ബുധനാഴ്ച്ച 10 മണിയോടെയാണ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് പണിമുടക്ക് അനുകൂലികൾ തടയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി മൈക്കിൾ ലിവിറ്റ് തന്നെ രംഗത്തെത്തിയുന്നു. ഒരു മണിക്കൂറോളം അക്രമികളുടെ തോക്കിൻ മുനയിൽ നിന്ന അവസ്ഥയിലായിരുന്നെന്നും, കേരളത്തിലെ ടൂറിസത്തിന് തന്നെ തിരിച്ചടിയാണന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.സംഭവത്തിൽ നാല് പേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.