കോട്ടയം : Niravu project of Baselius college: വിശപ്പ് രഹിതരുടെ നഗരമായി കോട്ടയത്തെ മാറ്റുന്നതിന് ബസേലിയസ് കോളജിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഭക്ഷണപ്പൊതി വിതരണം ആരംഭിച്ചു. കോളജിലെ നിറവ് എന്ന കൂട്ടായ്‌മയാണ് പ്രവൃത്തി ദിനങ്ങളിൽ കവാടത്തിലെ കൗണ്ടറിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്യാനാരംഭിച്ചത്.
കോട്ടയം നഗരത്തിൽ വിശന്നിരിക്കുന്നവർ ഒരുപാടുണ്ടെന്ന് തിരിച്ചറിഞ്ഞാണ് കോളജ് വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതി തുടങ്ങിയത്. കോളജിന്‍റെ പ്രധാന കവാടത്തിലുണ്ടായിരുന്ന പ്രവർത്തന രഹിതമായ എടിഎം കൗണ്ടറാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ബുധനാഴ്ച്ച ഉച്ച മുതലാണ് സൗജന്യ വിതരണത്തിന് തുടക്കമായത്.
വിദ്യാർഥികൾ വീടുകളിൽ നിന്നാണ് ഭക്ഷണ പൊതികൾ കൊണ്ടുവരുന്നത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 11:30 മുതൽ 1:30 വരെ കൗണ്ടർ പ്രവർത്തിക്കും.
ശരാശരി 30 മുതൽ 40 വരെ ഭക്ഷണ പൊതികളാണ് കൗണ്ടറിൽ ദിവസവും എത്തിക്കാൻ ഉദ്ദേശിക്കുന്നത്. കൂടുതൽ ആളുകൾ എത്തിയാൽ എണ്ണം കൂട്ടും. ഊണിനാണ് മുൻതൂക്കം. ബാക്കി വരുന്ന ഭക്ഷണപ്പൊതികള്‍ ജനറൽ ആശുപത്രിയിൽ വിതരണം ചെയ്യും. ആദ്യ ദിവസങ്ങളിൽ വിദ്യാർഥികൾ തന്നെയാകും വളണ്ടിയര്‍മാര്‍. എൻഎസ്എസ്, എൻസിസി, കോളജ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി.