കോട്ടയം : തലയോലപ്പറമ്പിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് കാരിക്കുഴി സ്വദേശി പത്മകുമാറിനെയാണ് (57) മുളന്തുരുത്തി ഭാഗത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Man Found Dead on the Railway Track). ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തലയോലപ്പറമ്പ് സ്രാങ്കുഴി ഭാഗത്ത് താമസിക്കുന്ന വടക്കേക്കര വീട്ടിൽ തുളസിയ്‌ക്ക് (53) ഭർത്താവായ പത്മകുമാറിൽ നിന്ന് കുത്തേറ്റത്.
ഭാര്യയെ ആക്രമിച്ച ശേഷം പത്മകുമാർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് മുളന്തുരുത്തി ഭാഗത്തെ റെയിൽവേ ട്രാക്കിൽ പത്മകുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഏതാനും വർഷങ്ങളായി പത്മകുമാറും തുളസിയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. കാരിക്കോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മകനോടൊപ്പമാണ് പത്മകുമാർ കഴിഞ്ഞിരുന്നത്.
ആക്രമണത്തിൽ കഴുത്തിന് ആഴത്തിൽ പരിക്കേറ്റ വീട്ടമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് സ്രാങ്കുഴി ഭാഗത്ത് തുളസി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ എത്തിയ പത്മകുമാർ ഇവരെ കുത്തിയ ശേഷം ഓടിപ്പോവുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുത്തേറ്റ് ചോര വാർന്ന് അയൽവാസിയുടെ വീട്ടില്‍ കയറിച്ചെന്ന തുളസിയെ അവരുടെ ബന്ധുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇവർ മുൻപും വഴക്കുണ്ടാക്കിയതിന് കേസ് ഉണ്ടായിരുന്നു. പത്മകുമാറിന്‍റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ മുളന്തുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
യുവതിയെ കുത്തിക്കൊന്ന് സുഹൃത്ത്; കൊച്ചി നഗരത്തിൽ ഓഗസ്റ്റ് ഒമ്പത് രാത്രിയാണ് സംഭവം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ രേഷ്‌മയാണ് സുഹൃത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ബാലുശ്ശേരി സ്വദേശി നൗഷിദ് പിടിയിലായിരുന്നു.
കലൂരിൽ ഓയോ റും കെയർ ടേക്കറായി ജോലി ചെയ്‌ത് വരികയായിരുന്ന പ്രതി നൗഷിദും ലാബ് അറ്റൻഡറായ രേഷ്‌മയും തമ്മിൽ സൗഹൃദത്തിലായിരുന്നു. നൗഷിദ് രേഷ്‌മയെ കലൂരിലെ റൂമിലേക്ക് വിളിച്ച് വരുത്തുകയും ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇതോടെ നൗഷിദ് കത്തിയെടുത്ത് രേഷ്‌മയുടെ കഴുത്തിൽ കുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ബഹളം കേട്ട് ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഈ സമയം കെയർ ടേക്കറായ നൗഷിദും ഇവരോടൊപ്പം ആശുപത്രയിൽ എത്തിയിരുന്നു. തുടർന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് നൗഷിദാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായത്. എറണാകുളം നോർത്ത് പൊലീസാണ് പ്രതിയായ നൗഷിദിനെ കസ്റ്റഡിയിലെടുത്തത്.
ALSO READ : Kochi Murder | കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റ് മരിച്ചു, സുഹൃത്ത് അറസ്റ്റില്‍