കോട്ടയം: ഉദ്‌ഘാടനം കഴിഞ്ഞ് ആറുമാസമായിട്ടും ഇനിയും പ്രവർത്തനം ആരംഭിക്കാതെ കിടക്കുകയാണ് കോട്ടയം ജില്ല രജിസ്‌ട്രേഷൻ ഓഫിസിന്‍റെ കെട്ടിടം. കിഫ്‌ബിയുടെ ഫണ്ടിൽ നിന്ന് 1.45 കോടി രൂപ ചെലവിട്ട് നാല് നിലകളിലായാണ് കെട്ടിടം നിർമിച്ചത്. മേയ് 26നായിരുന്നു കോട്ടയത്തെ ജില്ല രജിസ്‌ട്രേഷൻ വകുപ്പ് ഓഫിസ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തത്.
കൊട്ടിഘോഷിച്ചു നടത്തിയ ഉദ്‌ഘാടനത്തിനായല്ലാതെ ഓഫിസ് ഇതുവരെ തുറന്നിട്ടില്ല. അരക്കൊല്ലം ആയിട്ടും ഓഫിസ് പ്രവർത്തനരഹിതമായി തുടരുകയാണ്. പുതിയ ഓഫിസ് ഉണ്ടായിട്ടും കോട്ടയം കലക്‌ടറേറ്റ് മന്ദിരത്തിലും, സബ് രജിസ്‌ട്രാർ ഓഫിസ് വാടക കെട്ടിടത്തിലുമാണ് ജില്ലാ രജിസ്‌ട്രേഷൻ ഓഫിസ് ഇപ്പോഴും പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടം നിർമിച്ച് ജില്ല രജിസ്‌ട്രാർ ജനറൽ, ഓഡിറ്റ്, അഡീഷനൽ സബ് രജിസ്‌ട്രാർ ഓഫിസ്, ചിട്ടി ഇൻസ്‌പെക്‌ടർ, ഓഡിറ്റർ, ബൈൻഡിങ് യൂണിറ്റ് എന്നീ സ്ഥാപനങ്ങൾ ഒറ്റക്കുടക്കീഴിലാക്കാനായിരുന്നു പദ്ധതി. എന്നാൽ ഇതു വിജയം കണ്ടില്ല. പുതിയ രജിസ്‌ട്രേഷൻ ഓഫിസിന്‍റെ ഉദ്ഘാടനം നടത്തിയപ്പോൾ കെട്ടിട നമ്പർ നഗരസഭയിൽ നിന്ന് ലഭിച്ചിരുന്നില്ല.
കെട്ടിടത്തിന് ആവശ്യമായ അഗ്നിരക്ഷ സംവിധാനവും ആധുനിക രീതിയിലുള്ള റെക്കോർഡ് റൂമും നിർമിച്ചിട്ടില്ലായിരുന്നു. ഈ കാരണങ്ങളാലാണ് നഗരസഭയിൽ നിന്ന് കെട്ടിട നമ്പർ രജിസ്‌ട്രേഷൻ ഓഫിസിന് ലഭിക്കാതിരുന്നത്. സർക്കാർ ഇടപെടൽ വഴി കെട്ടിട നമ്പർ കിട്ടാനുള്ള ശ്രമത്തിലാണ് അധികൃതർ.
എന്നാൽ ആധുനിക സജീകരണങ്ങളോടുകൂടിയ റെക്കോർഡ് റൂമിന് പ്രത്യേക ഫണ്ട് അനുവദിച്ചു കിട്ടേണ്ടതുണ്ട്. ഈ തടസങ്ങൾ കാരണം കോംപ്ലക്‌സ് പ്രയോജനമില്ലാതെ തുടരുകയാണ്. ഒന്നരവർഷം കൊണ്ട് കേരള കൺസ്‌ട്രക്ഷൻസ് കോർപറേഷനാണ് രജിസ്‌ട്രേഷൻ ഓഫിസിന്‍റെ നിർമാണം പൂർത്തിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് 2020ൽ കെട്ടിടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്‌തത്.