കോട്ടയം: ക്രിസ്‌മസിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് നാടെങ്ങും. ഓരോ കാലത്തെയും ട്രെന്‍ഡിന് അനുസരിച്ച് പല തരത്തിലുള്ള നക്ഷത്രങ്ങള്‍ വിപണി പിടിക്കാന്‍ എത്താറുണ്ട്. ഇത്തവണ ഒമിക്രോണാണ് നക്ഷത്ര വിപണയിലെ താരം.
നിറയെ കാലുകളുള്ള സ്വര്‍ണ നിറത്തോടു കൂടിയ ഇത്തിരി കുഞ്ഞന്‍ നക്ഷത്രം. മുംബൈയിലാണ് 'ഒമിക്രോണി'ന്‍റെ ജനനം. 125 രൂപയാണ് ഈ ഇത്തിരി കുഞ്ഞന്‍ നക്ഷത്രത്തിന്‍റെ വില. എന്നാല്‍ മറ്റ് നക്ഷത്രങ്ങളെ പോലെ ലൈറ്റ് ഇട്ട് പ്രകാശിപ്പിക്കാന്‍ ഒമിക്രോണിനാകില്ല. ഫോസില്‍ പേപ്പറാണ് ഒമിക്രോണ്‍ നക്ഷത്രം ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. ലോകമെങ്ങും ഒമിക്രോണ്‍ ഭീതി പരത്തുമ്പോള്‍ കേരളത്തില്‍ 'ഒമിക്രോണിനോട്' പ്രിയം ഏറുകയാണ്.
Also Read: ക്രിസ്‌മസ് കേക്കുകളില്‍ കേമന്‍ പ്ലം ; സജീവമായി വിപണി
രൂപത്തിലെ വ്യത്യസ്‌തതയും പേരിലുള്ള കൗതുകവും കാരണം ഒമിക്രോണിനെ അന്വേഷിച്ച് നാട്ടുകാര്‍ കടയിലേക്ക് എത്താറുണ്ടെന്ന് വ്യാപാരിയായ ഫിലിപ്പ് പറയുന്നു. ആദ്യം കൊണ്ട് വന്ന സ്റ്റോക്ക് മുഴുവന്‍ ഇതിനൊടകം വിറ്റു പോയി. ആവശ്യക്കാരേറിയതോടെ ഒമിക്രോണിനെ രണ്ടാമതും മുംബൈയില്‍ നിന്നും എത്തിച്ചു. എന്നാല്‍ പരമ്പരാഗത നക്ഷത്രങ്ങളുടെ വ്യാപാരത്തിന് കുറവ് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.