കോട്ടയം : നിര്‍ത്തിയിട്ട കാറില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ആർപ്പൂക്കര തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ വീടിനുസമീപത്ത് നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. ഇയാളുടെ കാറിൽ ഒരു മാസമായി കയറിക്കൂടിയ രാജവെമ്പാലയാണിതെന്ന് നാട്ടുകാരും സംശയം പ്രകടിപ്പിച്ചു.
ഒരു മാസം മുൻപ് ജോലി ആവശ്യത്തിനായി സുജിത്ത് നിലമ്പൂരിലേക്ക് പോയപ്പോൾ ഇയാളുടെ കാറിനടിയിലേക്ക് രാജവെമ്പാല കയറിയതായി നാട്ടുകാരുടെ കണ്ണില്‍പ്പെട്ടിരുന്നു. നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്‌റ്റിന് സമീപമായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. എന്നാൽ അന്ന് കാർ പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച (28.08.2022) കാർ വീടിനുസമീപത്തേക്ക് മാറ്റിയിട്ടപ്പോൾ പാമ്പ് പടം പൊഴിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് വാവ സുരേഷിനെ വരുത്തി കാർ പരിശോധിച്ചു. കാറിന്റെ മുൻവശം അഴിച്ച് പരിശോധിച്ചിട്ടും അന്നും പാമ്പിനെ കണ്ടെത്താനായില്ല.
എന്നാൽ ഇന്ന് (31.08.2022) രാവിലെ സുജിത്തിന്റെ വീടിനുസമീപത്തുവച്ച് രാജവെമ്പാലയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ ഫോറസ്‌റ്റ് ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറസ്‌റ്റ് ഓഫിസിൽ നിന്ന് വിദഗ്ധരെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിടികൂടിയത് സുജിത്തിന്റെ വീട്ടിൽ നിന്ന് അല്പം മാറി അകലെയുള്ള പറമ്പിൽ നിന്നായിരുന്നുവെങ്കിലും മുമ്പ് കാറിൽ കയറിയിരുന്നത് ഇതുതന്നെയാകാമെന്നാണ് സുജിത്ത് പറയുന്നത്.
പിടികൂടിയ പത്തടി നീളമുള്ള രാജവെമ്പാലയെ ഫോറസ്‌റ്റുകാര്‍ കാർ പിടിച്ച് ഓഫിസിലേക്ക് കൊണ്ടുപോയി. ഇതിനെ വനമേഖലയിൽ തുറന്നുവിടുമെന്നും ഫോറസ്‌റ്റ് അധികൃതർ അറിയിച്ചു.