കോട്ടയം: രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ചും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഒക്ടോബര്‍ 28ന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ചാണ് ആദ്യഘട്ട ചര്‍ച്ച. അതോടൊപ്പം തന്നെ നിയമസഭ സീറ്റുകളുടെ കാര്യത്തിലും ധാരണയിലെത്താനാണ് ഇരുകൂട്ടരുടേയും ശ്രമം.
മുമ്പ് കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങള്‍ തന്നെ മത്സരിക്കുമെന്ന് പി.ജെ.ജോസഫ് നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ആ നിലപാടില്‍ നിന്നും അല്‍പം അയഞ്ഞ പ്രസ്താവനയാണ് യോഗത്തിന് ശേഷം ജോസഫ് നടത്തിയത്. മുന്നണിയില്‍ നിന്നും അര്‍ഹമായ പരിഗണന തങ്ങള്‍ക്ക് ലഭിക്കുെമന്ന് പി.ജെ.ജോസഫ് പറഞ്ഞു. അതേസമയം യുഡിഎഫ് ഉന്നതാധികാര സമിതി യോഗം 27ന് ചേരാനും ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തില്‍ തീരുമാനമായി. കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം മുന്നണി വിട്ടത് കൊണ്ട് ജില്ലയില്‍ യുഡിഎഫിന് വലിയ കോട്ടം തട്ടില്ലെന്ന വിലയിരുത്തലാണ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെയും പി.ജെ.ജോസഫിന്‍റെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മോൻസ് ജോസഫ് എം.എൽ.എ, കെ.സി ജോസഫ് എം.എൽ എ, ജോസഫ് വാഴക്കൻ, ജോയി എബ്രഹാം, ടോമില്ലാനി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തു.