വൈദേശികാധിപത്യത്തില്‍ നിന്ന് ഈ നാടിന്‍റെ മോചനത്തിനായുള്ള പോരാട്ടം. അയിത്തത്തിനും അനാചാരങ്ങൾക്കും വേണ്ടിയുള്ള സമരവും സത്യഗ്രഹവും. ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കിയ വിമോചന സമരത്തിന് തുടക്കം കുറിച്ച മണ്ണ്. രാജ്യത്തിന് തന്നെ മാതൃകയായ സാക്ഷരതാ നിരക്കുമായി അക്ഷരനഗരിയെന്ന പെരുമ. കോട്ടയം ജില്ലയുടെ രാഷ്ട്രീയത്തിന് വലത് മനസാണെങ്കിലും പലപ്പോഴും ഇടതുമുന്നണിയോടും സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. റബര്‍ കര്‍ഷകരും കൃസ്ത്യന്‍ വോട്ടുകളുമാണ് പൊതുവില്‍ കോട്ടയം ജില്ലയിലെ മണ്ഡലങ്ങളുടെ വിധി നിര്‍ണയിക്കുന്നത്. നീണ്ട 50 വര്‍ഷങ്ങള്‍ കെഎം മാണിയെന്ന ഒറ്റപ്പേരിന് ചുറ്റും വട്ടം കറങ്ങിയ കേരള കോൺഗ്രസ് രാഷ്ട്രീയവും ഉമ്മൻചാണ്ടിയുടെ മാത്രം പുതുപ്പള്ളിയും ഇടതു വലതു മുന്നണികൾക്ക് തലവേദനയായ പിസി ജോർജിന്‍റെ പൂഞ്ഞാറും കോട്ടയത്തിന്‍റെ ഭാഗമാണ്. പാലായുടെ സ്വന്തം മാണി സാർ കേരളാ കോണ്‍ഗ്രസിനെ പലതവണ ഇരു മുന്നണികൾക്കൊപ്പവും ചേർത്തു നിർത്തി. പിളർന്നും വളർന്നും കേരളകോൺഗ്രസ് രാഷ്ട്രീയം പലതായപ്പോഴും കോട്ടയത്തിന്‍റെ രാഷ്ട്രീയ സ്വഭാവം കെഎം മാണിയും ഉമ്മൻചാണ്ടിയും ചേർന്ന് നിയന്ത്രിച്ചു. ഇത്തവണ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. കെഎം മാണിയില്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മകൻ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് രണ്ടില ചിഹ്നവുമായി എല്‍ഡിഎഫിന് ഒപ്പമാണ്. പഴയ ചങ്ങാതി പിസി തോമസിനെ കൂടെചേർത്ത പിജെ ജോസഫ് യുഡിഎഫിനൊപ്പവും തെരഞ്ഞെടുപ്പിനെ നേരിടുന്നു.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയവും ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ നേടുന്നതിനൊപ്പം വൈക്കവും ഏറ്റുമാനൂരും നിലനിര്‍ത്താനുമായാല്‍ ജില്ലയില്‍ ആറ് സീറ്റുകള്‍ നേടാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. കോട്ടയം മറിഞ്ഞാല്‍ മധ്യകേരളത്തിലെ യുഡിഎഫ് കുത്തക തകര്‍ക്കാമെന്നും എല്‍ഡിഎഫ് കരുതുന്നു. സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ കേരള സമൂഹത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്ത ലതിക സുഭാഷ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്നത് അടക്കം കോട്ടയത്ത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങൾ നിരവധിയാണ്. മറുവശത്ത് യുഡിഎഫ് ക്യാമ്പിലും പ്രതീക്ഷകള്‍ കുറവല്ല. ജോസിന്‍റെ മുന്നണി മാറ്റം പരമ്പരാഗത വോട്ടുകളെ ബാധിക്കില്ലെന്ന വിശ്വാസമാണ് യുഡിഎഫിനുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടീയ ക്ലീന്‍ സ്വീപും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ശബരിമല മുഖ്യവിഷയമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന എന്‍എസ്എസ് നിലപാടും യുഡിഎഫിന് പ്രതീക്ഷയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിലാണ് എൻഡിഎയുടെ പ്രതീക്ഷ.
2016ല്‍ ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ ആറിടത്തും യുഡിഎഫിനായിരുന്നു വിജയം. സംവരണമണ്ഡലമായ വൈക്കത്തും ഏറ്റുമാനൂരിലും ഇടത് പ്രതിനിധികള്‍ ജയിച്ചു കയറി. പൂഞ്ഞാറില്‍ മുന്നണികളെ തറപറ്റിച്ച് പിസി ജോര്‍ജ് സ്വതന്ത്രനായും നിയമസഭയിലെത്തി. 2019ല്‍ കെഎം മാണിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പാലായെ മാണി സി കാപ്പന്‍ ഇടതുമുന്നണിയിലെത്തിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ വന്‍ വിജയത്തിനും ജോസ് കെ മാണിയുടെ സാന്നിധ്യം വഴിവച്ചു. 2015ല്‍ 49 പഞ്ചായത്തുകളില്‍ അധികാരം പിടിച്ച യുഡിഎഫ് 19 ഇടത്തേക്ക് താഴ്ന്നു. 22ല്‍ നിന്നും 50 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തി. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും സമാനമായ തകര്‍ച്ച യുഡിഎഫ് നേരിട്ടു. നാല് മുന്‍സിപ്പാലിറ്റികള്‍ നിലനിര്‍ത്താനായത് മാത്രമാണ് യുഡിഎഫിന് ആശ്വാസമായത്.
ഇടത് മുന്നണിക്കായി പാലാ നേടിയ മാണി സി കാപ്പന്‍ ഇത്തവണ യുഡിഎഫിനൊപ്പമാണ്. കെഎം മാണിയുടെ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കാന്‍ ജോസ് കെ മാണിയെെത്തുമ്പോള്‍ പാലായില്‍ പോരാട്ടം ഇഞ്ചോടിഞ്ച്. കേരളാ കോണ്‍ഗ്രസുകാര്‍ നേരിട്ടേറ്റുമുട്ടുന്ന കടുത്തുരുത്തിയില്‍ ജോസഫ് ഗ്രൂപ്പിന്‍റെ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫിനെ നേരിടാന്‍ ജോസ് കെ മാണിയിറക്കിയത് സ്റ്റീഫന്‍ ജോര്‍ജിനെ. സിഎഫ് തോമസ് 40 വര്‍ഷം എംഎല്‍എ ആയിരുന്ന, 50 വര്‍ഷമായി യുഡിഎഫിന്‍റെ കുത്തക മണ്ഡലമായ ചങ്ങനാശേരിയിലും നടക്കുന്നത് അഭിമാനപോരാട്ടം. കേരളാ കോണ്‍ഗ്രസിനായി വിജെ ലാലിയും കേരളാ കോണ്‍ഗ്രസ് എമ്മിനായി ജോബ് മൈക്കളും മത്സരരംഗത്ത്. ജി രാമന്‍ നായരാണ് ചങ്ങനാശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. പരമ്പരാഗത കേരളാ കോണ്‍ഗ്രസ് സീറ്റും ശക്തമായ യുഡിഎഫ് മണ്ഡലവുമാണ് കാഞ്ഞിരപ്പള്ളി. ജോസ് പക്ഷത്തിനൊപ്പം യുഡിഎഫിന്‍റെ സിറ്റിംഗ് എംഎല്‍എ ഡോ എന്‍ ജയരാജ് ഇടതുമുന്നണിയിലേക്ക് പോയി. കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും ജയരാജും നേരിട്ടേറ്റു മുട്ടുമ്പോള്‍ കാഞ്ഞിരപ്പള്ളിയിലും പോരാട്ടം കടുക്കും. എ പ്ലസ് മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ഇറക്കി മത്സരം ശക്തമാക്കുകയാണ് ബിജെപി.
എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ് ഏറ്റുമാനൂരും വൈക്കവും. വൈക്കത്തെ പെണ്‍പോരാട്ടവും ഏറ്റുമാനൂരിലെ ലതികാ സുഭാഷിന്‍റെ സാന്നിധ്യവും മണ്ഡലങ്ങളെ ശ്രദ്ധേയമാക്കുന്നു. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ വിഎന്‍ വാസവനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസാണ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് എംഎല്‍എ സികെ ആശയടക്കം മൂന്ന് വനിതകളുടെ നേര്‍ക്ക് നേര്‍ പോരാട്ടമാണ് ഇത്തവണ വൈക്കത്ത്. കോട്ടയം നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍ ഡോ പിആര്‍ സോനയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്‍റെ അജിത സാബുവാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർഥി യുഡിഎഫിനെക്കാൾ ഏഴായിരം വോട്ടുകൾക്ക് മാത്രം പുറകിലായിരുന്ന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ്.
സിപിഎം നേതാവായിരുന്ന ഇഎം ജോര്‍ജിന് ശേഷം ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരാളെ പുതുപ്പള്ളിക്കാര്‍ നിയമസഭയിലേക്ക് അയച്ചിട്ടില്ല. 12ാം തവണയും ജനവിധി തേടുമ്പോള്‍ ഒരിക്കല്‍ കൂടിയൊരു മുഖ്യമന്ത്രി പദവും പുതുപ്പള്ളിക്കാരുടെ മനസില്‍ തെളിയുന്നുണ്ട്. ഇടത് 'പോരാളി'യായി ജെയ്ക്ക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയും മണ്ഡലത്തില്‍ സജീവമാണ്. കോട്ടയത്തും യുഡിഎഫിന് വിജയപ്രതീക്ഷയില്‍ കുറവില്ല. മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങുന്ന മുന്‍ മന്ത്രി തിരുവഞ്ചൂരിന്‍റെ ജനപ്രീതിയില്‍ യുഡിഎഫിന് പൂര്‍ണവിശ്വാസമുണ്ട്. 2011ലെ 711 വോട്ടില്‍ നിന്നും 2016ല്‍ ഭൂരിപക്ഷം 33,632 ആയി വര്‍ധിപ്പിച്ച്, മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് തിരുവഞ്ചൂര്‍ സ്വന്തമാക്കിയത്. അഡ്വ അനില്‍ കുമാറാണ് ഇടത് സ്ഥാനാര്‍ഥി. സിപിഎം വിട്ട് ബിജെപിയിലെത്തിയ മിനര്‍വാ മോഹനെയാണ് എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ 2000ത്തില്‍ ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്‍റിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ എസ്എന്‍ഡിപി വനിതാ സംഘടനാ ബന്ധവും എന്‍ഡിഎ ക്യാമ്പുകളില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
കേരള രാഷ്ട്രീയത്തിലെ ബെല്ലും ബ്രേക്കുമില്ലാത്ത നേതാവാണ് പിസി ജോര്‍ജ്. 1996 മുതല്‍ പൂഞ്ഞാറില്‍ പരാജയമറിയാത്ത നേതാവാണ് ജോര്‍ജ്. മൂന്ന് മുന്നണികള്‍ക്കെതിരെ സ്വതന്ത്രനായി മത്സരിച്ച 2016ല്‍ 27,821 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പിസിയെ പൂഞ്ഞാറ്റുകാര്‍ ജയിപ്പിച്ച് വിട്ടത്. ശൈലിയും സ്വഭാവവുമൊന്നും മാറ്റാതെ ഇക്കുറിയും പിസി മണ്ഡലത്തിലുണ്ട്. പ്രചാരണം കൊഴുപ്പിച്ച് ഇടതു സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കളത്തുങ്കലും യുഡിഎഫ് സ്ഥാനാര്‍ഥി ടോമികല്ലാനിയും പ്രചാരണത്തില്‍ സജീവമാണ്.
റബറിനൊപ്പം തോട്ടം നാണ്യവിളകളും കോട്ടയത്തെ കാർഷിക മേഖലയുടെ ഭാഗമാണ്. കർഷകർ നേരിടുന്ന പ്രശ്നങ്ങളും ശബരിമല വിഷയവുമൊക്കെ കോട്ടയത്തും ചർച്ചാ വിഷയമാണ്. സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾ വോട്ടായിമാറുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. സർക്കാരിന് എതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങൾ കോട്ടയത്ത് ചർച്ചയാകുമെന്നും അത് വോട്ടാകുമെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു. വോട്ടു ശതമാനം വർധിപ്പിക്കുന്നതിനൊപ്പം മധ്യകേരളത്തില്‍ അക്കൗണ്ട് തുറക്കാനൊരുങ്ങുകയാണ് എൻഡിഎ.