കോട്ടയം: ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ഒരാഴ്‌ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. 111 അടി നീളമുള്ള ഒറ്റ കാൻവാസിൽ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് ദർശന അങ്കണത്തിൽ പരിപാടികൾക്ക് തുടക്കം കുറിച്ചത്. 50ഓളം കലാകാരന്മാർ ചേർന്നാണ് ഒരേസമയം ചിത്രരചന നടത്തിയത്.
സ്വാതന്ത്ര്യപൂർവ ഭാരതത്തിൻ്റെയും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൻ്റെയും കാഴ്‌ചകൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്രിലിക്കാണ് ചിത്രരചനയിൽ ഉപയോഗിച്ചിരിക്കുന്ന മാധ്യമം. മെഗാ കാൻവാസിൽ തയാറാക്കിയ ചിത്രം ദർശന കേന്ദ്രത്തിൻ്റെ നടുത്തളത്തിൽ സ്ഥാപിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
ജസ്റ്റിസ് കെ.ടി തോമസ് ചിത്രരചന ഉദ്ഘാടനം ചെയ്‌തു. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ചലച്ചിത്ര താരം ദുർഗ നടരാജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ദർശന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ ഫ്രീഡം 75 പ്രഭാഷണ പരമ്പര, സൈക്കിൾ റാലി, 1947 ആഗസ്റ്റ് 15ന് ജനിച്ചവരുടെ സംഗമം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.