കോട്ടയം : കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം കുറിച്ചിയിൽ ഹോട്ടൽ ഉടമ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊവിഡ് പ്രതിസന്ധി സാമ്പത്തികമായി തകർത്തതായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ശേഷമാണ് ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്‌തത്.
അശാസ്‌ത്രീയമായ ലോക്ക്ഡൗൺ തീരുമാനങ്ങളാണ് കടബാധ്യതക്ക് കാരണമെന്നും സർക്കാർ ആണ് തന്‍റെ ആത്മഹത്യക്ക് കാരണമെന്നും ഫേസ്ബുക്കിൽ സരിൻ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു.
കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹൻ(42) ആണ് ആത്മഹത്യ ചെയ്‌തത്. ചൊവ്വാഴ്‌ച പുലർച്ചെ നാലരയോടെ കുറിച്ചി ലെവൽ ക്രോസിനുസമീപത്തുവച്ച് ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു.
സരിനും ഭാര്യയും ഓട്ടിസം ബാധിച്ച കുട്ടിയും ഹോട്ടലിനോടുചേർന്നുള്ള വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് അടക്കം സരിന് ഏറെ പ്രയാസമായിരുന്നു. ഇതേതുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.