കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുന്നു. മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ കാരണം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം കയറി. താഴത്തങ്ങാടി, കാഞ്ഞിരം, ഇല്ലിക്കൽ, കുളിരൂര്‍, കുമ്മനം, കാഞ്ഞിരം, മലരിക്കൽ എന്നിവിടങ്ങളിലെ വീടുകളിലും താഴത്തങ്ങാടി പാറപ്പാടം ദേവി ക്ഷേത്രത്തിലും വെള്ളം കയറി.
എന്നാല്‍ നിത്യ പൂജകള്‍ക്ക് മുടക്കം വന്നില്ല. മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയരാനിടയായി. ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ കാഞ്ഞിരം, താമരശ്ശേരി കോളനി, മലരിക്കല്‍, ഇല്ലിക്കല്‍, നാഗമ്പടം എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ വളര്‍ത്ത് മൃഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പലരും ബന്ധു വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. എന്നാല്‍ വീട് ഉപേക്ഷിച്ച് പോവാന്‍ കഴിയാത്തവര്‍ അവിടെ തന്നെ തുടരുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുകയും മഴ അതിശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍.
also read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 10 ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്