കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ചാടിപ്പോകുകയും പിന്നീട് വളരെ സാഹസികമായി പൊലീസ് പിടികൂടി വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌ത അസം സ്വദേശി ജീവൻ ബറുവ (39) ആണ് മരിച്ചത്. ഇന്നലെ(11.08.2022) രാവിലെ 11 ന് മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗത്തിൽ കഴിയവേയാണ് മരണം.
ബുധനാഴ്‌ച രാത്രി 12.30ന് മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയ ഇവരെ വ്യാഴാഴ്‌ച രാവിലെ 6.30 ന് കുടമാളൂർ സ്‌കൂൾ ജംഗ്‌ഷന് സമീപമുള്ള ഒരു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചത്. നായയുടെ കടിയേറ്റ ജീവൻ ബറുവയെ ജില്ല ആശുപത്രിയിൽ നിന്നാണ് വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തത്.
രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമികരോഗ വിഭാഗത്തിലെ ഡോക്‌ടർമാർ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കുകയും പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്‌തു. തുടർന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു. എന്നാൽ രാത്രി 12.30 ന് ഇവർ ആശുപത്രിയിൽ നിന്നും ചാടിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം മെഡിക്കൽ കോളജ് പരിസര പ്രദേശങ്ങളിൽ നേരം പുലരും വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് വ്യാഴാഴ്‌ച രാവിലെ 6.30 ന് കുടമാളൂർ ഹൈസ്‌കൂൾ ജംഗ്‌ഷൻ ഭാഗത്ത് വച്ച് പിടികൂടി. മെഡിക്കൽ കോളജിൽ എത്തിച്ച ഇവരെ സാംക്രമികരോഗ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. സുഹൃത്തുക്കളായ രണ്ടുപേർ ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തിച്ചേരുമ്പോൾ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Also Read: തെരുവ് നായയുടെ കടിയേറ്റ ഏഴുവയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു