കോട്ടയം: ഗവര്‍ണര്‍ക്കെതിരെ എംജി സർവകലാശാലയിൽ ബാനർ സ്ഥാപിച്ചതില്‍ ശക്തമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയും അതിലുള്‍പ്പെട്ടവയും സര്‍ക്കാര്‍ അധീനതയിലുള്ളതാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ അംഗീകരിച്ചു കൊടുക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത് എല്ലാവരും ഓര്‍ത്തിരിക്കേണ്ടതാണെന്ന ശക്തമായ താക്കീതും ഗവര്‍ണര്‍ കുറിച്ചു.
താന്‍ കടന്നു വരുമ്പോള്‍ കാമ്പസിനകത്ത് ചില പ്രത്യേക പാര്‍ട്ടികളുടെ ഹോര്‍ഡിങ്ങുകള്‍ ശ്രദ്ധയില്‍പെട്ടു. താന്‍ അതിന്‍റെ ഫോട്ടാഗ്രാഫുകളും പകര്‍ത്തി. പറയുന്ന ആരെങ്കിലും യൂണിവേഴ്‌സിറ്റിക്ക് ഫണ്ട് നല്‍കുന്നുണ്ടോയെന്നും പിന്നെ എങ്ങിനെ ഇവര്‍ക്ക് രാഷ്‌ട്രീയ പാര്‍ട്ടികളുടെയോ ഇവയുടെ യൂത്ത് വിങ്ങിന്‍റെയോ ബോര്‍ഡുകള്‍ സ്ഥാപിക്കാനാവുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ എംജി സര്‍വകലാശാലയിലേത് ഏറ്റവും മികച്ച വൈസ് ചാന്‍സലര്‍മാരിലൊരാളാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡിവൈഎഫ്ഐയേയും സിപിഎമ്മിനേയും അതുവഴി സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. പ്രത്യേക പാര്‍ട്ടിയിലുള്ള ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ടെന്നും അവരുടെ പേരെടുത്ത് പറയുന്നില്ലെന്നും പറഞ്ഞ അദ്ദേഹം തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനത്തിലേക്ക് നീങ്ങി. "ഇവര്‍ ഇന്ത്യയില്‍ ഉദ്‌ഭവിച്ചതല്ല. ഇവര്‍ക്ക് എന്തും ശക്തികൊണ്ട് നേരിട്ടാണ് പരിചയം. മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയുള്ള തന്ത്രങ്ങളാണ് ഇവര്‍ക്ക് വശമുള്ളത്" എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച (15.09.2022) എംജി സർവകലാശാല സംഘടിപ്പിച്ച ഡിലിറ്റ് ബിരുദദാന ചടങ്ങിൽ അതിഥിയായി ഗവർണർ പങ്കെടുത്തിരുന്നു. ഈ ചടങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടെ സർവകലാശാല കവാടത്തിൽ എസ്എഫ്ഐയുടെ ഹോര്‍ഡിങ്ങുകളെ അടക്കം ഗവർണർ വിമർശിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് 'ചാൻസലറിസം കവാടത്തിന് പുറത്ത്' എന്നെഴുതിയ ബാനര്‍ എംജി സർവകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സർവകലാശാലയുടെ കവാടത്തിനു മുന്നിൽ സ്ഥാപിച്ചത്.