കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ തീപിടിത്തം. ഗൈനക്കോളജി വിഭാഗത്തിലെ ലക്ച്ചറൽ ഹാളിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. സുരക്ഷ ഉദ്യോഗസ്ഥരുടെയും ലിഫ്റ്റ് ഓപ്പറേറ്ററുടെയും അവസരോചിതമായ ഇടപെടൽ മൂലം കൂടുതൽ നാശനഷ്‌ടം ഉണ്ടായില്ല.
ഗൈനക്കോളജി വിഭാഗത്തിന്‍റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർഥികൾക്കുള്ള ക്ലാസ് റൂമിലെ സ്‌റ്റെബിലൈസറിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സുരക്ഷ ജീവനക്കാരായ സതീഷ് കെഡി, എസ്എസ് മഹേഷ്, എംപി പ്രശാന്ത്, ലിഫ്റ്റ് ഓപ്പറേറ്ററായ മോൻസി ചെറിയാൻ എന്നിവർ ഓടിയെത്തി വിവിധ വാർഡുകളിൽ സൂക്ഷിച്ചിരുന്ന അഗ്നിശമനോപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
വിദ്യാർഥികൾ ക്ലാസ് കഴിഞ്ഞ് പോയതിനാൽ അപകടം ഒഴിവായി. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. ഇന്നലെ(26.01.2023) വിദ്യാർഥികൾക്ക് അവധിയായിരുന്നു. ബുധനാഴ്‌ചത്തെ ക്ലാസിനുശേഷം എസി ഓഫ് ചെയ്യാതിരുന്നതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമെന്നാണ് സൂചന.