കോട്ടയം: ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം നൽകി റിട്ടയേർഡ് എസ്‌ഐയിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വൈക്കം നഗരസഭയിലെ സിപിഎം കൗൺസിലർ തട്ടിയെടുത്തതായി പരാതി. നഗരസഭ മുൻ പ്രതിപക്ഷ നേതാവും നിലവിലെ കൗൺസിലറുമായ കെ.പി സതീശനെതിരെയാണ് റിട്ടയേർഡ് എസ്ഐ എം.കെ സുരേന്ദ്രൻ പരാതി നൽകിയത്. സുരേന്ദ്രന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കെ.പി സതീശനും ഭാര്യയും ചേർന്ന് സുരേന്ദ്രന്‍റെ കൈയിൽ നിന്ന് നാലേ മുക്കാൽ ലക്ഷം രൂപ വാങ്ങിയെന്ന് പരാതിയിൽ പറയുന്നു.
ആറ് ലക്ഷം രൂപ മുടക്കിയാൽ മകന് ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 2020 ജനുവരിയിൽ അന്നത്തെ ദേവസ്വം മന്ത്രിയുടെ ഓഫിസിലെ സ്റ്റാഫിന് നൽകാൻ എന്ന പേരിൽ ഒന്നര ലക്ഷം രൂപ വാങ്ങി. തുടർന്ന് പല തവണയായി നാലേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തു. കൊവിഡ് മൂലം നിയമനം നടക്കുന്നില്ലെന്ന പേരിൽ രണ്ട് വർഷത്തോളം പണം വാങ്ങി കബളിപ്പിച്ചു. തട്ടിപ്പാണെന്ന് മനസിലായതോടെ സെപ്‌റ്റംബറിൽ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് സുരേന്ദ്രൻ പറയുന്നു.
പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ശനിയാഴ്‌ചയാണ് സതീശനെതിരെ കേസെടുത്തത്. എന്നാൽ താൻ പണം വാങ്ങിയെങ്കിലും ഇടനിലക്കാരനായ ബിനീഷ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് സതീശൻ പറയുന്നു.
അതേസമയം, ജോലി വാഗ്‌ദാനം ചെയ്‌ത് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് വൈക്കം സ്വദേശിനിയും സതീശനെതിരെ പൊലീസിനെ സമീപിച്ചു. വൈക്കം ഉദയനാപുരം സ്വദേശിനി റാണിഷ മോൾ ആണ് പരാതി നൽകിയത്.
സതീശന്‍റെ നിർദേശപ്രകാരം റാണിഷ ദേവസ്വം ബോർഡിന്‍റെ പരീക്ഷ എഴുതിയിരുന്നു. പരീക്ഷയ്ക്ക് ശേഷം ഏഴ് ലക്ഷം രൂപ സതീശൻ റാണിഷയുടെ പക്കൽനിന്ന് ആവശ്യപ്പെട്ടു. അഡ്വാൻസായി ഒന്നര ലക്ഷം രൂപ നൽകിയാൽ മതിയെന്നും ജോലിയിൽ പ്രവേശിച്ചതിന് ശേഷം ബാക്കി തുക നൽകിയാൽ മതി എന്നുമായിരുന്നു നിർദേശം. ഇതുപ്രകാരം റാണിഷ ഒന്നര ലക്ഷം രൂപ ഗൂഗിൾ പേ വഴി സതീഷിന്‍റെ സുഹൃത്തുക്കളായ അക്ഷയ്, ബിനീഷ് എന്നിവർക്ക് അയച്ചുകൊടുത്തു.
എന്നാൽ പണം കൈപ്പറ്റി ഏറെ നാൾ കഴിഞ്ഞിട്ടും റാണിഷയ്ക്ക് ജോലി ലഭിച്ചില്ല. ഇതിനിടെ പുറത്തുവന്ന ദേവസ്വം ബോർഡിന്‍റെ റാങ്ക് ലിസ്റ്റിൽ റാണിഷയുടെ പേര് ഉണ്ടായിരുന്നില്ല. ഇക്കാര്യം സതീശനോട് ചോദിച്ചപ്പോൾ ഒരു ലിസ്റ്റ് കൂടി വരുമെന്നും അതിൽ പേര് കാണുമെന്നും അറിയിച്ചു. എല്ലാ നിയമനങ്ങളും സർക്കാർ നേരിട്ടാണ് നടത്തുന്നതെന്നും സതീശൻ ഫോണിലൂടെ റാണിഷയെ അറിയിച്ചു.
എന്നാൽ സതീശനെതിരായ തട്ടിപ്പിന്‍റെ വാർത്തകൾ പുറത്തുവന്നതോടെയാണ് റാണിഷ വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സതീശൻ അടക്കം മൂന്ന് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. റിട്ടയേർഡ് എസ്ഐയുടെ കൈയിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ സതീശൻ ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൗൺസിലർക്കെതിരെ നഗരസഭയ്ക്ക് മുന്നിൽ ബിജെപി പ്രതിഷേധം ആരംഭിച്ചു. അതേസമയം, പല പരാതികളും ഉയർന്ന സാഹചര്യത്തിൽ മുൻ വൈക്കം സിപിഎം ഏരിയ കമ്മിറ്റിയംഗം കൂടിയായ സതീശനെ പുറത്താക്കിയെന്ന് പാർട്ടി വിശദീകരണം നൽകി.