കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. അടുത്തിടെ രണ്ട് പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ പനയ്ക്കപ്പാലത്ത് വീണ്ടും അപകടമുണ്ടായി. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം മീനച്ചിലാറിൻ്റെ തീരത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. കാര്‍ മീനച്ചിലാറിലേക്ക് പതിക്കാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ കാര്‍ പള്‍സര്‍ ബൈക്കില്‍ ഇടിച്ചുകയറി. അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ബൈക്കിൻ്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പാലാ തോടനാല്‍ സ്വദേശി പാറേക്കാട്ടില്‍ ആൻ്റണിയുടെ കാറാണ് നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചത്. വാഹനത്തില്‍ ആൻ്റണിയെ കൂടാതെ ഭാര്യയും മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ഭരണങ്ങാനം കിഴപറയാര്‍ പുത്തന്‍ പുരക്കല്‍ ബിനോയിയാണ് ബൈക്കിലുണ്ടായിരുന്നത്.
ബൈക്കിൽ ഇടിച്ചശേഷം റോഡ് സൈഡിലൂടെ താഴേക്ക് നീങ്ങിയ റിറ്റ്‌സ് കാര്‍ മീനച്ചിലാറിൻ്റെ കരയിലെത്തിയാണ് നിന്നത്. അല്‍പംകൂടി നീങ്ങിയിരുന്നെങ്കില്‍ ആറ്റില്‍ പതിക്കുമായിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ പിക്കപ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് ഇന്നും അപകടം ഉണ്ടായത്. പ്രദേശത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.