കോട്ടയം: ജനറൽ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സഞ്ചരിക്കാനുള്ള ബഗ്ഗി കാറുകള്‍ നാശത്തിന്‍റെ വക്കില്‍. 2018ല്‍ കോട്ടയം അതിരൂപത ആശുപത്രിയ്‌ക്ക് നല്‍കിയ ബഗ്ഗി കാറുകളാണ് ആശുപത്രി പരിസരത്ത് മഴയും വെയിലുമേറ്റ് നശിക്കുന്നത്. രണ്ട് ഇലക്‌ട്രിക് ബഗ്ഗി കാറുകളാണ് ആശുപത്രിയ്‌ക്കുള്ളത്.
കാറുകളില്‍ ഒന്ന് രോഗികളെ വാര്‍ഡുകളിലേക്കും മറ്റ് കിടത്തിക്കൊണ്ട് പോകുന്നതിനും രണ്ടാമത്തേത് മരുന്നും ചികിത്സയ്‌ക്ക് ആവശ്യമുള്ള ഉപകരണങ്ങള്‍ കൊണ്ട് പോകുന്നതിനും വേണ്ടിയായിരുന്നു. കാറുകള്‍ അനുവദിച്ച സമയത്ത് ആശുപത്രിയ്‌ക്കുള്ളില്‍ ഓടിക്കാനുള്ള ബുദ്ധിമുട്ടും പരിചയ കുറവുള്ള ജീവനക്കാരുടെ കൈകാര്യവും കാരണം കാറുകളിലൊന്ന് അധികം വൈകാതെ തകരാറിലായി.
തുടര്‍ന്ന് രണ്ടാമത്തെ കാറിന്‍റെ ഉപയോഗം വര്‍ധിച്ചു. ഇതോടെ രണ്ടാമത്തേതും നശിച്ച് കട്ടപ്പുറത്തേറി. കഴിഞ്ഞ രണ്ട് വര്‍ഷമായി പഴയ പേ വാര്‍ഡിന് സമീപമുള്ള പാര്‍ക്കിങില്‍ കട്ടപ്പുറത്തിരിക്കുകയാണ് ബഗ്ഗി കാറുകള്‍. ഇവയുടെ അറ്റകുറ്റ പണികള്‍ക്കായി ആശുപത്രി വികസന സമിതി മൂന്നര ലക്ഷം രൂപ അനുവദിച്ചതായി വികസന സമിതിയംഗം പോൾസൺ പീറ്റർ പറഞ്ഞു.
എന്നാല്‍ തുക അനുവദിച്ച വിവരം കോയമ്പത്തൂർ കേന്ദ്രമായ സ്ഥാപനത്തെ അറിയിച്ചിട്ടും അവരെത്തി തുക കൈപറ്റാന്‍ തയ്യാറായിട്ടില്ല. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനകരമാവേണ്ട ബഗ്ഗി കാറുകള്‍ ഉടനടി പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആശുപത്രി അധികൃതരുടെയും ആവശ്യം. ആശുപത്രിയിലെ വിവിധ ബ്ലോക്കുകള്‍ തമ്മിൽ അകലം ഉള്ളതിനാൽ രോഗികൾക്കും ഒപ്പമുള്ളവർക്കും ബഗ്ഗി കാർ ഏറെ പ്രയോജനകരമാണ്.
ആശുപത്രിയിലെ കെട്ടിടങ്ങളുടെ നിർമാണ സമയത്ത് ഇഷ്‌ടികയും സിമന്‍റും അടക്കമുള്ള നിർമാണ സാമഗ്രികൾ എത്തിക്കാൻ ഈ ബഗ്ഗി കാറുകൾ ഉപയോഗിച്ചതായും പരാതി ഉയരുന്നുണ്ട്.