കോട്ടയം: വോട്ടുകച്ചവടം നടത്തുന്ന സ്ഥാനാർഥിക്കൊപ്പം നിന്ന് പാപഭാരമേല്‍ക്കാന്‍ തയാറല്ലാത്തതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന അഡ്വ. ബിനു പുളിക്കക്കണ്ടം. എല്‍ഡിഎഫ് സ്ഥാനാർഥിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് എന്‍ഡിഎ സ്ഥാനാർഥി പലയിടത്തും ആവശ്യപ്പെട്ടിരുന്നതായും ബിനു പറഞ്ഞു. രാജിവെച്ച തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടി പ്രഹസനമാണെന്നും ബിനു കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തില്‍ ബിജെപിക്ക് 27000 വോട്ടുകളുണ്ട്. 5000 പേരെ പുതിയതായി ചേര്‍ത്തെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്. 15000 വോട്ടുണ്ടെന്ന് അവകാശപ്പെടുന്ന ജനപക്ഷത്തിന്റെ 5000 വോട്ടെങ്കിലും കൂട്ടിയാലും കുറഞ്ഞത് 35000 വോട്ട് ഇത്തവണ ലഭിക്കണം. ഇതില്‍ക്കുറവ് വോട്ട് ലഭിക്കുന്ന പക്ഷം തന്റെ ആരോപണം ശരിയാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന് ബിനു പറഞ്ഞു. ഗുരുതരമായ അച്ചടക്ക ലംഘനമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അതില്‍ എന്തുനടപടി സ്വീകരിക്കുന്നുവെന്ന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2016-ലും ഹരിയായിരുന്നു സ്ഥാനാർഥി. ക്വാറി-ഭൂമാഫിയയുമായി സ്ഥാനാർഥിക്ക് ബന്ധമുണ്ടെന്നും ബിനു ആരോപിച്ചു. അത്തരമൊരാളെ സ്ഥാനാർഥിയാക്കരുതെന്ന് പല കമ്മിറ്റികളും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് ഹരി സ്ഥാനാർഥിയായത്. മണ്ഡലത്തിന് പുറത്തുനിന്നൊരാളെ മല്‍സരിപ്പിച്ചതിലൂടെ പ്രവര്‍ത്തകുടെ വികാരം വ്രണപ്പെട്ടുവെന്നും ബിനു പറഞ്ഞു.