കൊല്ലം : കൊല്ലം പത്തനാപുരം മാമ്പഴത്തറ റിസർവ് വനത്തിൽ അനുവാദമില്ലാതെ അതിക്രമിച്ച് കടന്ന് കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ യൂട്യൂബർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. കിളിമാനൂര്‍ സ്വദേശി അമല അനുവാണ് പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ബി ദിലീഫിന് മുമ്പാകെ തിങ്കളാഴ്‌ച രാവിലെ ഹാജരായത്. മാതാപിതാക്കള്‍ക്കൊപ്പമാണ് പത്തനാപുരത്തെ വനംവകുപ്പ് ഓഫിസിൽ അമല അനു എത്തിയത്.
കേസിൽ അമല അനുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിലയിരുത്തി ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമല അനുവിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിട്ടയച്ചത്.
Read more: കാട്ടാനകളെ പ്രകോപിപ്പിച്ച വ്‌ളോഗര്‍ അമല അനു ഒളിവില്‍, കടുത്ത നടപടിക്ക് ഒരുങ്ങി വനം വകുപ്പ്
കാട്ടാനകളെ പ്രകോപിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയതിനും ഹെലികാം ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അനുമതിയില്ലാതെ ഷൂട്ട് ചെയ്‌തതിനുമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് വനംവകുപ്പ് കേസെടുത്തത്. ഈ ദൃശ്യങ്ങള്‍ അമല തന്‍റെ യൂട്യൂബില്‍ പങ്കുവച്ചിരുന്നു. അതേസമയം, കാട്ടാനയെ കണ്ടിട്ടില്ലെന്നും എഡിറ്റ് ചെയ്‌ത വീഡിയോ ആയിരുന്നുവെന്നുമാണ് അമലയുടെ വാദം.
അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വരും ദിവസങ്ങളിൽ വനത്തിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. സംഭവത്തിൽ അമല അനുവിന് ഒപ്പമുണ്ടായിരുന്നവർക്കെതിരെയും ഒളിവിൽ താമസിക്കാനും മറ്റും സഹായങ്ങൾ ചെയ്‌തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വനത്തിനുള്ളിൽ ഉപയോഗിച്ച ക്യാമറയും വാഹനവും ഉൾപ്പടെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു.