കൊല്ലം: ചവറ ശങ്കരമംഗലത്ത് നിന്നും എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കൊല്ലം സിറ്റി പൊലീസിന്‍റെ പിടിയില്‍. ശാസ്താംകോട്ട സ്വദേശി അഭിജിത്തും(23) പെരുമ്പാവൂർ സ്വദേശി ജിത്തു സണ്ണിയും(19) ആണ് പൊലീസ് പിടിയിലായത്. ദിവസങ്ങൾക്ക് മുമ്പ് എം.ഡി.എം.എയുമായി ഒരാളെ കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടിയിരുന്നു. വളരെ കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും തലച്ചോറിന്‍റെയും മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവർത്തനത്തെ താളം തെറ്റിക്കുകയും ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന സിന്തറ്റിക്ക് ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്. മയക്ക് മരുന്ന് ബെംഗളൂരുവില്‍ നിന്നാണ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് പദ്ധയിട്ടിരുന്നത്.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ നാരായണന് ലഭിച്ച വിവരം ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന് കൈമാറുകയായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എം.എ നസീർ, ഡിസിആർബി എസിപി എം. അനിൽകുമാർ, ചവറ പൊലീസ് ഇൻസ്‌പെക്ടർ നിസാമുദീൻ എസ്‌ഐമാരായ ജയകുമാർ, സുകേശൻ, സീനു, ബൈജു ജെറോം, റിബു, മനു, രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്റ് ചെയ്തു.