കൊല്ലം: ഇ.പി ജയരാജൻ വിമാനത്തിൽവച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസിൻ മജീദ് മൊഴി നൽകാൻ ഹാജരായി. യൂത്ത് കൊൺഗ്രസ് നേതാക്കളുടെ അകമ്പടിയില്‍ കൊല്ലം പോലീസ് ക്ലബ്ബിലാണ് മൊഴി നല്‍കാനെത്തിയത്. ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുള്ളതിനാലാണ് ഫർസിൻ കൊല്ലത്ത് എത്തി മൊഴിനൽകുന്നത്.
യാത്രയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും ഡി.ജി.പിക്ക് അപേക്ഷ നൽകിയിരുന്നു. തങ്ങൾക്ക് വധ ഭീഷണി ഉണ്ടെന്നും, പൊലീസ് സംരക്ഷണം നൽകിയില്ലെന്നും ഫർസിൻ പറഞ്ഞു. നവീൻ കുമാറിന് നോട്ടിസ് നൽകിയെങ്കിലും ഇരുപത്തിയാറാം തീയതി ഹാജരാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വലിയ തുറ സി.ഐ.സതികുമാറാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇ പി ജയരാജനും,അംഗ രക്ഷകരും ചേർന്ന് വിമാനത്തിൽ വച്ച് മർദിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് മൊഴിയെടുക്കുന്നത്.