കൊല്ലം : മുഖ്യമന്ത്രിക്കെതിരെ വന്ന സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തൽ കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം നല്ല നിലയിൽ നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറാകുമെന്നും വി.ഡി സതീശൻ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ പ്രതിയായ സ്‌ത്രീയെ വിളിച്ചുവരുത്തി പരാതി വാങ്ങി ഉമ്മൻചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തിയ സർക്കാരാണിത്. ഉമ്മൻചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയുമാണ് ഇപ്പോൾ നടക്കുന്നത്. അത് ഈ നാട്ടിൽ നടക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കാലം പലതിനും മറുപടി നൽകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംഘപരിവാർ ഏജൻസികളും ഇടനിലക്കാരും ചേർന്ന് ഒത്തുതീർപ്പാക്കി. കേന്ദ്രത്തിലും കേരളത്തിലും ഇതിന് ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.