കൊല്ലം: പൂയപ്പള്ളിയിൽ അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് യൂക്കോ ബാങ്കിന്‍റെ ക്രൂര നടപടി. പൂയപ്പള്ളി സ്വദേശി ഷൈന്റെ വീട്ടിലായിരുന്നു ഉച്ചയോടെ ജപ്‌തി നടന്നത്. മുന്നറിയിപ്പില്ലാതെ എത്തിയ ബാങ്ക് ജീവനക്കാർ ഗേറ്റുകൾ പൂട്ടി സീൽ ചെയ്തു. ഷൈനിന്റെ ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരിക്കെയായിരുന്നു നടപടി. മൂന്ന് മണിക്കൂറിന് ശേഷം പൊലീസും നാട്ടുകാരും ചേർന്ന് പൂട്ട് തകർത്താണ് ഇവരെ മോചിപ്പിച്ചത്.
ഷൈന്റെ സുഹൃത്ത് സിനി ലാലിന് ഒന്നരക്കോടി രൂപ വായ്പയെടുക്കുന്നതിന് വേണ്ടിയാണ് വസ്തു ഈട് നൽകിയത്. തിരിച്ചടവ് മുടങ്ങിയെങ്കിലും ജപ്തി നടപ്പാക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയായിരുന്നു ബാങ്ക് അധികൃതരുടെ നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികൾ യൂക്കോ ബാങ്ക് ശാഖ നാളെ ഉപരോധിക്കും.