കൊല്ലം: വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടി കുളത്തൂപ്പുഴ പ്രദേശത്തെ കര്‍ഷകര്‍. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ഈ മേഖലയില്‍ പതിവായിരിക്കുകയാണ്. കുളത്തൂപ്പുഴ ചന്ദനക്കാവ് കളത്തിങ്കല്‍ വീട്ടില്‍ കെ.കെ കുര്യന്‍റെ നൂറ്റിഅമ്പതോളം ഏത്ത വാഴ തൈകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പന്നി കയറാതിരിക്കാന്‍ പ്ലാസ്റ്റിക് വലയും അലൂമിനിയം കമ്പികളാൽ തീര്‍ത്ത നെറ്റും ഉപയോഗിച്ച് സംരക്ഷണ വേലി ഒരുക്കിയ കൃഷിയിടത്തിലെ വാഴത്തൈകളാണ് നശിപ്പിച്ചത്. സമീപത്തുള്ള കൃഷിയിടത്തിലെ ഇഞ്ചിയും, ചേമ്പും, ചേനയുമെല്ലാം പന്നികള്‍ നശിപ്പിച്ചു.
കൃഷിയിടത്തില്‍ എത്തുന്ന പന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന് കര്‍ഷകനായ കുര്യന്‍ ആവശ്യപ്പെടുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് കൃഷിക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവുണ്ടായിരുന്നു എന്ന് കർഷകർ പറയുന്നു. എന്നാല്‍ അന്നത്തെ നിര്‍ദേശങ്ങള്‍ പ്രയോഗികമല്ലാതെ വന്നതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്ന് കെ. രാജു വനംവകുപ്പ് മന്ത്രി ആയപ്പോള്‍ വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെയും വിളകളെയും സംരക്ഷിക്കുന്നതിന് ചില നിര്‍ദേശങ്ങളും പദ്ധതികളും പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.