കൊല്ലം : കവര്‍ച്ചയ്ക്ക് കയറുന്ന വീടുകളിൽ നിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ച് മടങ്ങുന്ന, നിരവധി മോഷണക്കേസുകളിൽ പൊലീസിന്‍റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ കള്ളന്‍ മൊട്ട ജോസ് പിടിയിൽ. തിരുമുല്ലവാരം വയലിൽ കാവ് ക്ഷേത്രത്തിന് സമീപമുള്ള ആളില്ലാത്ത വീട്ടിൽ മോഷണത്തിന് എത്തിയപ്പോഴാണ് മൊട്ട ജോസിനെയും കൂട്ടാളിയെയും പൊലീസ് പിടികൂടിയത്.
പണി പൂർത്തിയാക്കി പാലുകാച്ച് കർമം നടത്താനിരുന്ന ആൾ താമസമില്ലാത്ത വീട്ടിൽ മതിൽ ചാടി കടന്ന് എത്തിയ ജോസിന്‍റെയും കൂട്ടാളിയുടേയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ വീട്ടുടമയുടെ മൊബൈൽ ഫോണിൽ ലഭിച്ചതോടെ ഉടമ വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു.
ഉടനെ തന്നെ സ്ഥലത്തെത്തിയ പൊലീസ് വീടിൻ്റെ മതിൽ ചാടി രക്ഷപ്പെടാൻ നോക്കിയ മൊട്ട ജോസിനെയും, കൂടെയുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളെയും പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും മൂന്നാമനെ കണ്ടെത്താനായില്ല.
നിരവധി മോഷണ കേസുകളിലെ പ്രതിയായ മൊട്ട ജോസിനെ പൊലീസ് മാസങ്ങളായി അന്വേഷിച്ച് വരികയായിരുന്നു. ജോസിനെ പിടികൂടാൻ പൊലീസ് പിന്നാലെ പായുമ്പോൾ ഇയാൾ അനായാസം തടിതപ്പും. ഇതിനിടെ കൊട്ടാരക്കര ഗണപതി ക്ഷേത്ര പരിസരത്തും കായംകുളത്ത് ബസുകളിലും മൊട്ട ജോസിനെ കണ്ടെന്ന വിവരം ലഭിച്ചെങ്കിലും പൊലീസിന് ഇയാളെ പിടികൂടാനായിരുന്നില്ല.
മോഷണം ആളില്ലാത്ത വീടുകളിൽ : മോഷണക്കേസിൽ ജാമ്യത്തിലായിരുന്ന കുണ്ടറ സ്വദേശി മൊട്ട ജോസ് ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് കവര്‍ച്ച നടത്തിവന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. നവംബർ അവസാന വാരം കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മനയിൽകുളങ്ങര ഗവ. ഐ.ടി.ഐക്ക് സമീപത്തെ വീട്ടിൽ നിന്ന് 85,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വിദേശ കറൻസി നോട്ടുകളും ഉൾപ്പടെ ഇയാൾ കവർന്നിരുന്നു.
എംസിആർഎ നഗർ 126-ൽ കോയാസ് വീട്ടിലാണ് മോഷണം നടത്തിയത്. അടുക്കള വാതിലിന്‍റെ പൂട്ട് പൊളിച്ചാണ് ജോസ് വീടിനുള്ളിലേക്ക് കടന്നത്. തൊട്ടടുത്ത ദിവസം പുന്നത്തല കോത്തലവയലിൽ സക്കറിയാസ് വില്ലയിൽ കയറി സിസിടിവിയുടെ കണക്‌ഷൻ വിച്ഛേദിച്ച ശേഷം മോഷണം നടത്തി.
തട്ടാമലയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. ഈ വീടുകളിലെല്ലാം ജോസ് ആഹാരം പാചകം ചെയ്യുകയും വസ്ത്രങ്ങൾ അലക്കുകയും ചെയ്‌തിരുന്നതായും പൊലീസ് കണ്ടെത്തി. മോഷണം നടന്ന മൂന്ന് വീടുകളിലേയും വിരലടയാളം ജോസിന്‍റേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
മുങ്ങൽ വിദഗ്‌ധൻ : മുമ്പും പൊലീസിന് പിടികൊടുക്കാതെ മൊട്ട ജോസ് മുങ്ങിയിട്ടുണ്ട്. തന്നെ പിടിക്കാൻ പൊലീസ് പരക്കംപായുമ്പോൾ അവരുടെ മൂക്കിന് താഴെ ആൾതാമസമില്ലാത്ത വീടുകളിൽ ഉണ്ടുറങ്ങുന്നതാണ് മൊട്ട ജോസിന്‍റെ രീതി. അതുകൊണ്ടുതന്നെ ആൾതാമസമില്ലാത്ത വീടുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിയിരുന്നു.
മോഷണരീതിയും സാഹചര്യത്തെളിവുകളും ലഭിച്ചതോടെ മൊട്ട ജോസിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. ബസ് സ്റ്റാൻഡുകൾ, പ്രധാന കവലകൾ, റെയിൽവേ സ്റ്റേഷനുകള്‍, ബസുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം നോട്ടിസ് പതിച്ചു.
ഇതിനിടെ നഗരത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ മൊട്ട ജോസ് കടന്നുപോകുന്നതിന്‍റെ ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. ഏതായാലും മൊട്ട ജോസ് എന്ന കുപ്രസിദ്ധ മോഷ്‌ടാവിനെ പിടികൂടാനായതിന്‍റെ ആശ്വാസത്തിലാണ് പൊലീസ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊല്ലത്തും, അയൽ ജില്ലകളിലും നടന്ന നിരവധി മോഷണ കേസുകൾ തെളിയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.