കൊല്ലം: കുണ്ടറ പീഡന പരാതിയിൽ ഒത്തുതീർപ്പിന് വേണ്ടി മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി. സ്വമേധയാണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് വ്യക്തമാക്കിയ അവർ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും കൂട്ടിച്ചേർത്തു.
"മന്ത്രിക്കെതിരായ പരാതിയിൽ നിന്നും പിന്മാറില്ല. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണ്. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പൊലീസ് സംഘം വീട്ടിൽ എത്തിയിരുന്നെങ്കിലും വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോവുകയായിരുന്നു. എന്നാൽ മൊഴിയെടുപ്പിനെക്കുറിച്ച് പൊലീസ് ഇതുവരെയും അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും യുവതി."
അതിനിടെ മന്ത്രി എകെ ശശീന്ദ്രനെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചു. ശശീന്ദ്രൻ ചെയ്‌തത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടുക മാത്രമാണെന്നും പൊലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നുമാണ് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്. എൻസിപി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്‌സ്ആപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു.
എൻസിപി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്‍റെ കയ്യിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.