കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി- പട്ടിക വര്‍ഗ യുവാക്കള്‍ക്ക് ഓട്ടോറിക്ഷകളും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി. അബ്‌ദുൾ നാസര്‍ ആനൂകൂല്യ വിതരണം നിര്‍വഹിച്ചു. ജില്ലാ ഭരണകൂടം ഊരുകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പിന്നാക്ക മേഖലകള്‍ തിരഞ്ഞെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക വികസന പദ്ധതികള്‍ തയ്യാറാക്കണമെന്നും ചെറുസംരംഭങ്ങളിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതാവണം പദ്ധതികളെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ സേവകരാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു. പ്രവര്‍ത്തന മികവിന് പഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍റെ പ്രഖ്യാപനവും അദ്ദേഹം നടത്തി.