കൊല്ലം: കരുനാഗപ്പള്ളിയിൽ ബിജെപി വോട്ടുകൾ കോണ്‍ഗ്രസിന് മറിച്ചുവെന്ന ആരോപണം നിഷേധിച്ച് നിയുക്ത എം.എൽ.എ സി.ആർ മഹേഷ്. താന്‍ ബിജെ.പി വോട്ട് വാങ്ങിച്ചുവെന്ന ഇടതുപക്ഷത്തിന്‍റെ ആരോപണം ശരിയല്ല. മണ്ഡലത്തിൽ ബിജെപിക്ക് പരിമിതമായ വോട്ട് മാത്രമേ ഉള്ളു. ഇടതുപക്ഷത്തിന്‍റെ വോട്ടും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു. നിയുക്ത എംഎൽഎമാരേ പങ്കെടുപ്പിച്ചു കൊണ്ടുള്ള കൊല്ലം പ്രസ് ക്ലബ്ബിന്‍റെ കേരളീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:'എ ഗ്രൂപ്പ് രഹസ്യയോഗം ചേർന്നിട്ടില്ല'; നിഷേധിച്ച് കെ ബാബു
കേരള ജനതയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ശക്തവും ക്രിയാത്മകവുമായ പ്രതിപക്ഷമായി യുഡിഎഫ് പ്രവർത്തിക്കും. പരാജയ കാരണങ്ങൾ വിലയിരുത്തി കൂടുതൽ ആത്മവിശ്വാസത്തോടെ ജനങ്ങളിലേക്ക് ഇറങ്ങി കോൺഗ്രസിന് തിരിച്ച് വരവ് നടത്താനാകും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'മിഷന്‍ 2021 -26' പത്തിന പരിപാടിയില്‍, സമ്പൂര്‍ണ കുടിവെള്ള ലഭ്യത, താലൂക്ക് ആശുപത്രി വികസനം, ഓച്ചിറ ടൗണ്‍ വികസനം, സുനാമി കോളനി നവീകരണം, 'തീരസമൃദ്ധി'പദ്ധതി, മിനി ടൂറിസം സര്‍ക്യൂട്ട്, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കുമുള്ള ആരോഗ്യ പദ്ധതി തുടങ്ങിയവ നടപ്പാക്കുമെന്നും സി.ആർ മഹേഷ് പറഞ്ഞു.