കൊല്ലം : മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പരാതി. ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ ബിനാമികളുടെ പേരിൽ ഒരു കോടിയിലേറെ രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടവ് മുടക്കിയെന്നാരോപിച്ച് സഹകരണ മന്ത്രിയ്‌ക്കും രജിസ്ട്രാർക്കുമാണ് പരാതി ലഭിച്ചത്.
സി.പി.എം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുകളുടെ രേഖകളടക്കമുള്ള തെളിവുകളുമായി പാർട്ടി നേതൃത്വത്തിന് ജീവനക്കാർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.
അഞ്ച് ലക്ഷം രൂപയ്ക്ക് രാധാകൃഷ്ണൻ വാങ്ങിയ ഭൂമി ഭാര്യയുടെയും മരുമകനായ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്‍റെയും പേരിലേക്ക് മാറ്റിയായിരുന്നു ആദ്യ തട്ടിപ്പ്.
സ്വന്തം അക്കൗണ്ടിലേക്ക് തുക മാറ്റിയതിന് തെളിവ്
അഞ്ച് ലക്ഷം രൂപയുടെ ഭൂമി ഈടുവച്ച് 30 ലക്ഷം രൂപ ഭാര്യയുടെയും മരുമകന്‍റെയും പേരിൽ വായ്‌പ നൽകുകയായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തിരിച്ചടവ് മുടങ്ങിയിരിക്കേ മറ്റ് നാല് ബന്ധുക്കളുടെ പേരിൽ 40 ലക്ഷം രൂപ കൂടി സെക്രട്ടറി, ബാങ്കിൽ നിന്ന് വായ്‌പ നൽകി.
ഈ തുക രാധാകൃഷ്ണന്‍റെ ബന്ധുവായ സുനിൽ കുമാറിന്‍റെ അക്കൗണ്ടിലേക്ക് കൈമാറിയത് 2019 മാർച്ച് 23 ന്. അതേ ദിവസം, വൈകിട്ട് തന്നെ തുക സെക്രട്ടറിയുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്‍റെ തെളിവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ വായ്‌പയുടെ തിരിച്ചടവും മുടങ്ങിയിരിക്കുകയാണ്.
ആരോപണം ഉയര്‍ന്നിട്ടും സെക്രട്ടറിയെ മാറ്റാതെ ബാങ്ക് ഭരണസമിതി
പലിശയടക്കം തുക ഒരു കോടിയ്ക്ക് മുകളിലേക്ക് ഉയർന്നതോടെയാണ് ജീവനക്കാർ കാര്യം അന്വേഷിച്ചതും തട്ടിപ്പ് പുറത്തായതും. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍റെ പിന്തുണയോടെയാണ് തട്ടിപ്പ് നടത്തിയത്.
തുടർന്ന് ജീവനക്കാർ സി.പി.എം നേതൃത്വത്തെ പരാതിയുമായി സമീപിച്ചു. എന്നാൽ, ജില്ല സെക്രട്ടറിയേറ്റിലെ പ്രമുഖ നേതാവ് ഇടപെട്ട് പാർട്ടി അന്വേഷണം മരവിപ്പിച്ചെന്നാണ് സൂചന. ആരോപണ വിധേയനായ സെക്രട്ടറിയെ മാറ്റാൻ ബാങ്ക് ഭരണസമിതി തയ്യാറായിട്ടുമില്ല.
ഇതോടെയാണ് സഹകരണ മന്ത്രിയ്‌ക്കും രജിസ്ട്രാർക്കും മുന്നിലേക്ക് പരാതി എത്തിയത്. ഒരാഴ്ച പിന്നിട്ടിട്ടും ഈ പരാതികളില്‍ തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് വിവരം.
ALSO READ: തോല്‍വിക്ക് കാരണം സി.പി.എമ്മിന്‍റെ 'നിസഹകരണം'; കടുത്ത വിമര്‍ശനവുമായി സി.പി.ഐ