കൊല്ലം: കെ.മുരളീധരൻ ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തി നല്ല പരിചയമുള്ളയാളാണെന്ന് സി.പി.എം.സംസ്ഥാന ആക്‌ടിങ് സെക്രട്ടറി എ.വിജയരാഘവൻ. കോൺഗ്രസ് നേതാക്കൾ അടിത്തറ ഉറപ്പിച്ചതു തന്നെ ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭക്ഷ്യക്കിറ്റ് വിതരണം പുതിയ പദ്ധതിയല്ലന്നും പ്രതിപക്ഷ നേതാവ് പാവപ്പെട്ടവരുടെയും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെയും താത്‌പര്യങ്ങൾക്കെതിരാണെന്നും അദ്ദേഹം വിമർശിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിൽ പ്രതിപക്ഷനേതാവും ഇ.എം.സി.സിയും തമ്മിൽ ഗൂഢാലോചനയുണ്ടെന്നും വിജയരാഘവൻ ആരോപിച്ചു. വോട്ടർ പട്ടിക തയ്യാറാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും ഒരാൾക്ക് രണ്ട് വോട്ട് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇരട്ട വോട്ട് ആദ്യ സംഭവമല്ലെന്നും അത് തടയാൻ നിയമമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാത്രമല്ല ഇരട്ട വോട്ട് എന്നത് സാങ്കേതിക കാര്യം മാത്രമാണെന്നും അത് തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കേണ്ടതാണെന്നും വിജയരാഘവൻ പറഞ്ഞു.