കാസർകോട്: വടക്കന്‍ കേരളത്തില്‍ പച്ചക്കറി ക്ഷാമം രൂക്ഷം. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിയിടങ്ങള്‍ നശിച്ചതും വെള്ളപ്പൊക്കത്തെ തുടർന്ന് കർണാടക ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് കാരണം. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ ലഭിക്കാത്ത സ്ഥിതിയാണ്. പച്ചക്കറികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പൊതുവിപണിയില്‍ എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
വെള്ളപ്പൊക്കത്തില്‍ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങളും വിപണിയിലും പ്രതിഫലിച്ചു. വിളവിന് പാകമായ കൃഷിവരെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നശിച്ചിരുന്നു. പച്ചക്കറികളുടെ വരവ് കുറഞ്ഞത് വില വര്‍ധനവിനും കാരണമായി. കിലോക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില നാല്‍പ്പതിലെത്തി. ഉള്ളിവിലയിലും പത്ത് രൂപയുടെ വര്‍ധനവുണ്ടായി. ക്യാബേജ്, ബീറ്റ്‌റൂട്ട്, വെണ്ട, പയര്‍ തുടങ്ങിയവക്കും വില വര്‍ധിച്ചു. കഴിഞ്ഞ ദിവസം എത്തിയ ക്വിന്റല് കണക്കിന് മുളക് മഴ നനഞ്ഞ് നശിച്ചത് വ്യാപാരികള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കാസര്‍കോട് അടക്കമുള്ള സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലേക്ക് ബംഗളുരു, മംഗലാപുരം, കുടക് ഭാഗങ്ങളില്‍ നിന്നാണ് പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. ഇവിടങ്ങളിലും മഴയില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിച്ചിരുന്നു.